മാള: ഏത് പാർട്ടി ഹർത്താൽ നടത്തിയാലും ഓട്ടോ ഡ്രൈവറായ അജയൻ കൈയും കെട്ടി നോക്കിയിരിക്കില്ല. കൊടിയുമായല്ല, ബ്രഷും പെയിന്റുമായി റോഡിലേക്കിറങ്ങും. റോഡപകടങ്ങൾ ഒഴിവാക്കാൻ ഒറ്റയാൾ പൊതുസേവനത്തിലേക്ക് അന്നേദിവസം ഓട്ടോയും തിരിക്കും.
അതിനാൽ എല്ലാ ഹർത്താലിലും പൂപ്പത്തി സ്വദേശി പറകുളത്ത് അജയൻ വലിയ തിരക്കിലാകും. ഓട്ടോ ഓടിക്കുമ്പോൾ നേരിട്ട് കാണുന്ന അപകടസാദ്ധ്യതാ മേഖലകളിലാകും അന്നന്നത്തെ സേവനം. റോഡിലെ ഹമ്പ് - സീബ്രാലൈൻ എന്നിവിടങ്ങൾ അടയാളപ്പെടുത്തൽ, ദിശാ സൂചിക, അപകട സാദ്ധ്യതാ സൂചിക, കുഴി നികത്തൽ എന്നിവയടക്കം പത്ത് വർഷത്തിനിടെ ചെയ്തുപോന്ന സേവനങ്ങൾ നിരവധിയാണ്.
ഇന്നലെ മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിന് മുന്നിൽ കെ.കെ റോഡിലെ ഹമ്പിലാണ് വെള്ള പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയത്. രാത്രിയിൽ മാത്രമല്ല പകലും ഇവിടത്തെ ഹമ്പ് കാണാൻ കഴിയാതെ അപകടങ്ങൾ പതിവാണ്. സൂചനാ ബോർഡും ഇല്ല . പത്ത് വർഷം മുമ്പ് മാള ടൗണിലും ആശുപത്രിക്ക് മുന്നിലും മാത്രമേ ഹമ്പ് ഉണ്ടായിരുന്നുള്ളൂ. ആദ്യമായി ആ ഹമ്പുകളിൽ അടയാളം ഇട്ടത് അജയനായിരുന്നു. ഇപ്പോൾ ഹമ്പുകളുടെ എണ്ണം വർദ്ധിച്ചു. എന്നാൽ അടയാളമിടാൻ അജയൻ ഇറങ്ങണം. പരനാട്ടുകുന്നിൽ വാഹനങ്ങൾ കുഴിയിൽ വീഴാതെ തട ഉണ്ടാക്കി സൂചനാ ബോർഡുകൾ സ്ഥാപിച്ചു. മാളക്കുളം, കാവനാട്, മാള, മാള പള്ളിപ്പുറം, വലിയപറമ്പ്, പൊറത്തുശേരി, അഷ്ടമിച്ചിറ തുടങ്ങിയ ഇടങ്ങളിൽ അപകടം തടയാനുള്ള സൂചകങ്ങൾ സ്ഥാപിച്ചു. നാലമ്പല ദർശനത്തിനുള്ള വഴിയിലുടനീളം വഴി കാട്ടി സൂചനാ ബോർഡുകൾ സ്ഥാപിച്ചു.. അങ്ങനെയങ്ങനെ നീളുകയാണ് ആ പത്തുവർഷത്തെ സേവനങ്ങൾ..
നിരത്തിൽ വാഹനങ്ങളും യാത്രക്കാരും ഒഴിയുന്നതിനാൽ പണിമുടക്കും ഹർത്താലും ഈ പ്രവൃത്തികൾക്ക് സൗകര്യപ്രദമാണ്. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് പലപ്പോഴും പെയിന്റും ബ്രഷും വാങ്ങുക. തലേന്നത്തെ ഓട്ടത്തിൽ നിന്നുള്ള നീക്കിയിരിപ്പാകും അത്. എന്നാൽ അടുത്തകാലത്ത് ചിലർ പെയിന്റ് വാങ്ങി തരാറുണ്ടെന്ന് അജയൻ പറയുന്നു. 1993 മുതലാണ് മാളയിൽ ഓട്ടോ ഓടിക്കുന്നത്. ഒരു ചിത്രകാരൻ കൂടിയാണ് ഇദ്ദേഹം..