തൃശൂർ : അഗ്നിരക്ഷാ സേനയുടെ കീഴിൽ ജില്ലയിൽ ജനകീയ ദുരന്ത പ്രതിരോധ സേന (സിവിൽ ഡിഫൻസ് സേന) ഒരുങ്ങുന്നു.
സേനയിൽ അംഗങ്ങളാകാൻ താൽപര്യമുളള സേവന മനോഭാവമുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓരോ ഫയർ സ്റ്റേഷനും കീഴിലും ആദ്യ ഘട്ടത്തിൽ 50 അംഗ സേനയെയാണ് രൂപപ്പെടുത്തുക.

ഓരോ ടീമിലും 30 ശതമാനം പേർ വനിതകളായിരിക്കും. എൻജിനീയർമാർ, ഡോക്ടർമാർ ഉൾപ്പെടെയുളളവർക്കും സേനാംഗമാകാം. ജില്ലയിൽ തൃശൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടുങ്ങല്ലൂർ, മാള, ഗുരുവായൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, നാട്ടിക ഫയർ സ്റ്റേഷനുകളിലാണ് ജനകീയ സേന രൂപീകരിക്കുന്നത്. പ്രളയം, മണ്ണിടിച്ചിൽ, കാറ്റ് പോലുളള പ്രകൃതി ദുരന്തങ്ങൾ അടിക്കടിയുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ലക്ഷ്യമിട്ടാണു സേന രൂപീകരിക്കുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം


രാജ്യത്തെ 18 വയസു പൂർത്തിയായ നാലാം ക്ലാസ് വരെ പ്രാഥമിക വിദ്യാഭ്യാസമുളള ഏതൊരു വ്യക്തിക്കും അപേക്ഷിക്കാം.
ആദിവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും മുൻഗണനയുണ്ട്. അപേക്ഷകർ പ്രതിഫലേച്ഛ കൂടാതെ ഏതു വിഷമഘട്ടത്തിലും പ്രവർത്തിക്കാൻ തയ്യാറുളളവരും മാനസിക, ശാരീരിക കാര്യക്ഷമത ഉളളവരും ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പരിശീലനം ലഭ്യമാക്കി തിരിച്ചറിയിൽ കാർഡും മെറ്റാലിക് ബാഡ്ജും റിഫ്‌ളക്ടീവ് ജാക്കറ്റും നൽകും.

കർത്തവ്യങ്ങൾ


ആവശ്യമായ മുന്നറിയിപ്പുകൾ നൽകുക
അഗ്നിരക്ഷാസേന സ്ഥലത്ത് എത്തുന്നതുവരെ തീ പടരുന്നതു തടയുക
ഇന്ധന, രാസവസ്തു ചോർച്ച അപകടങ്ങളിൽ ശാസ്ത്രീയ മുന്നറിയിപ്പു നൽകുക.
ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കാനും അഭയ കേന്ദ്രം ഒരുക്കാനും സഹായിക്കുക.