മണലൂർ: ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ടുള്ള എൽ.ഡി.എഫ് സർക്കാറിന്റെ ഉത്തരവിറങ്ങിയതോടെ ആ നിരോധനം നടപ്പിലാക്കാനൊരുങ്ങുകയാണ് മണലൂർ പഞ്ചായത്തിലെ ഹരിതവാർഡായി പ്രഖ്യാപിച്ച അഞ്ചാം വാർഡ്‌. ഇതിന്റെ ഭാഗമായി ആഷാഢം കുടുംബശ്രീ പ്രവർത്തകർ വിവിധ തരത്തിലുള്ള തുണി സഞ്ചികൾ അടിച്ച് വിപണിയിൽ എത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്.

ഈ യൂണിറ്റിന്റെ കീഴിലുള്ള 20 വീടുകളിൽ മെഷീൻ ഒരുക്കി തുണി സഞ്ചികൾ തയ്ക്കുകയാണ് പ്രവർത്തകർ ഓരോരുത്തരും. വാർഡിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും അനുബന്ധ മേഖലകളിലും ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി തുണി സഞ്ചികൾ ഉപയോഗിക്കുമെന്നുറപ്പു വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വാർഡ് അംഗം ജനാർദ്ദനൻ മണ്ണുമ്മൽ പറഞ്ഞു. ഇത് കൂടാതെ അഞ്ചാം വാർഡിലെ തന്നെ പ്രജുല ,നീലാംബരി ,ഐശ്വര്യ, മഹിമ, തുടങ്ങി പത്ത് കുടുംബശ്രീ യൂണിറ്റുകൾ അവരുടെ വിഷ രഹിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകൾ ജനുവരി മുതൽ പ്ലാസ്റ്റിക് രഹിതമാക്കി മാതൃകയാവും. ഈ ലക്ഷ്യം നിറവേറ്റുന്നതിന് സഹായകമായി പ്രവർത്തിച്ചത് സി.ഡി.എസ് അംഗം സജിനി പവിത്രൻ, എ.ഡി.എസ് സെക്രട്ടറി കൃഷ്ണേന്ദു ഷിജിത്ത്, എ.ഡി.എസ് പ്രസിഡന്റ് ഇൻചാർജ്ജ് ഷാരി ജുബിൻ എന്നിവരാണ്. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശിയും ഒപ്പം നിന്നതോടെ പ്ലാസ്റ്റിക് നിരോധനം മാതൃകാപരമായി മണലൂരിൽ നടപ്പിലാകും..