restling
വിദ്യാർഥികൾ മണ്ണിൽ പരിശീലനം നടത്തുന്നു

എരുമപ്പെട്ടി : ബെഡില്ലാ.. മേറ്റില്ല..പരിശീലനത്തിന് യാതൊരു സൗകര്യവുമില്ല, കായിക പെരുമയുള്ള എരുമപ്പെട്ടി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ റെസ്‌ലിംഗ് താരങ്ങൾ പരിശീലനം നടത്തുന്നത് മണ്ണ് കൂട്ടിയിട്ട്.

എങ്കിലും റെസ്‌ലിംഗ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഈ സർക്കാർ സ്കൂൾ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഒമ്പത് സ്വർണവും പത്ത് വെള്ളിയും ഈ വിദ്യാർത്ഥികൾ കരസ്ഥമാക്കി.

വിവിധ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഇവർ സ്വർണവും, വെള്ളിയും നേടിയിട്ടുണ്ട്. മണ്ണിൽ പരിശീലനം നടത്തുന്നത് കുട്ടികൾക്ക് പരിക്കേൽക്കാൻ ഇടയാക്കുന്നുണ്ട്. ബെഡില്ലാത്തതിനാൽ മുകളിലേക്ക് ഉയർത്തി മലർത്തിയടിക്കുമ്പോഴാണ് കൂടുതലും പരിക്കേൽക്കുന്നത്.

ജില്ലാ മത്സരത്തിന് മുമ്പ് രണ്ട് കുട്ടികൾക്ക് കൈയിൽ പരിക്കേറ്റതിനാൽ മത്സരത്തിൽ പങ്കെടുക്കാനായില്ല. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള അമ്പതോളം കുട്ടികളാണ് റെസ്‌ലിംഗ് പരിശീലിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള ബെഡുകൾ ഉൾപ്പെടെയുള്ള പരിശീലന സാമഗ്രികൾ ഒരുക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരും.

സർക്കാരും സ്കൂളിന്റെ ചുമതലയുള്ള ജില്ലാ പഞ്ചായത്തുൾപ്പെടെയുള്ള ത്രിതല പഞ്ചായത്തുകൾ കനിവ് കാണിച്ചാൽ അത് തൃശൂർ ജില്ലയ്ക്ക് തന്നെ വലിയ നേട്ടമാകും. ഉദാരമതികളായ കായിക പ്രേമികളുടെ സഹായവും ഈ വിദ്യാർഥികൾ പ്രതീക്ഷിക്കുന്നുണ്ട്...