ചാലക്കുടി: പോട്ട പനമ്പിള്ളി കോളേജ് റോഡിൽ സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന നഗരസഭയുടെ ഭൂമി പിടിച്ചെടുത്തു. താലൂക്ക് സർവെയർ സി.എ. ആശാദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 14.75 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. രാവിലെ ആരംഭിച്ച സർവെ വൈകീട്ടു വരെ നീണ്ടു. തുടർന്ന് അതിരുകൾ തിരിച്ച് കുറ്റികൾ സ്ഥാപിച്ചു.
പതിനെട്ട് വർഷത്തോളം സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ അനുകൂല വിധി നേടിയ നഗരസഭ സ്ഥലം പടിച്ചെടുത്തത്. ഒരാഴ്ച മുമ്പ് നഗരസഭ ഇവിടെ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ സ്ഥലം അളക്കുന്നത് സംബന്ധിച്ച് ഭൂമി കൈവശം വച്ചിരിക്കുന്ന സ്വകാര്യ വ്യക്തിയെയും സമീപവാസികളെയും രേഖമൂലം അറിയിക്കാതിരുന്നതിനാൽ അളവെടുപ്പ് നടത്താനായില്ല. തുടർന്നായിന്നു ചട്ടപ്രകാരമുള്ള സർവെയറുടെ സ്ഥലമളക്കൽ ഇന്നലെ നടന്നത്.
ഈ കേസിൽ നേരത്തെ ഉണ്ടായിരുന്ന ചാലക്കുടി മുൻസിഫ് കോടതി ഉത്തരവിനെതിരെ നഗരസഭ ബോധിപ്പിച്ച അപ്പീൽ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാരിനെ കക്ഷിചേർത്ത് നടത്തിയ പുനർ വിസ്താരത്തിനൊടുവിലാണ് ഹെൽത്ത് സെന്ററായി പ്രവർത്തിച്ചിരുന്ന ഭൂമിക്ക് സ്വകാര്യ വ്യക്തിക്ക് ഉടമാവകാശം ഇല്ലെന്നും നഗരസഭയ്ക്കോ സർക്കാരിനോ എതിരെ യാതൊരു നിരോധന ഉത്തരവും നിലനിൽക്കില്ല എന്നും ചാലക്കുടി മുൻസിഫ് ഷിബു ഡാനിയൽ വിധി പ്രസ്താവിച്ചത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിന് ചുറ്റുമുള്ള എട്ട് സെന്റോളം വരുന്ന നഗരസഭയുടെ പൊതുവഴിയും ഇന്നലത്തെ അളവിൽ കണ്ടെത്തി. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർമരായ വി.ജെ. ജോജു, സുലേഖ ശങ്കരൻ, നഗരസഭാ സെക്രട്ടറി എം.എസ്. ആകാശ്, നേതാക്കളായ ടി.എ. ജോണി, ടി.പി. ജോണി, എം.എൻ. ശശിധരൻ, പി.എസ്. സന്തോഷ്, ജിൽ ആന്റണി തുടങ്ങിയവരും സന്നിഹിതരായിരുന്നു.