ഒല്ലൂർ: വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടർന്ന് വൃദ്ധ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വായ്പ എഴുതിത്തള്ളി മുഖം രക്ഷിക്കാൻ സർക്കാർ നീക്കം. ജില്ലാ കളക്ടർ എസ്. ഷാനവാസ് ബാങ്ക് അധികൃതരെ വിളിച്ചുവരുത്തിയാണ് വായ്പ എഴുതിത്തള്ളാൻ നിർദ്ദേശം നൽകിയത്. കാർഷിക വായ്പകളിൽ സർക്കാർ നിർദ്ദേശം മറികടന്ന് ബാങ്കുകൾ നോട്ടീസ് അയയ്ക്കുന്നതായുള്ള പരാതി പരിശോധിക്കാൻ 19 ന് ബാങ്ക് പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കളക്ടർ അറിയിച്ചു.
മരോട്ടിച്ചാൽ തട്ടിൽ പഴൂങ്കരൻ വീട്ടിൽ ടി.ഡി. ഔസേഫ് (86) ആണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് മരിച്ചത്. ബാങ്ക് ഒഫ് ഇന്ത്യയുടെ മരോട്ടിച്ചാൽ ശാഖയിൽ നിന്ന് 75,000 രൂപയും കേരള ഗ്രാമീൺ ബാങ്ക് ഈസ്റ്റ് ഫോർട്ട് ബ്രാഞ്ചിൽ നിന്നും 50,000 രൂപയും കാർഷിക വായ്പ എടുത്തിരുന്നു. ബാങ്ക് ഒഫ് ഇന്ത്യയുടെ വായ്പ 10 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ ഔസേഫ് താമസിച്ചിരുന്ന 10 സെന്റ് ഭൂമിയും, വീടും ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടീസ് നൽകി. തിരിച്ചടവിന് ഔസേപ്പ് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ല.
രണ്ടു വർഷമായി പ്രളയത്തിൽ വാഴക്കൃഷി നശിച്ചതിനെ തുടർന്നാണ് ഒസേഫിന് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്നത്. സ്വന്തമായ 10 സെന്റിനു പുറമെ പട്ടയഭൂമിയിലും കൃഷി നടത്തിയിരുന്നു. ജില്ലാ കളക്ടർ, ചീഫ് വിപ്പ് കെ. രാജൻ, വിവിധ കാർഷിക ഉദ്യോഗസ്ഥർ എന്നിവർ ഇദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. കർഷക വായ്പ തിരിച്ചു പിടിക്കുമ്പോൾ ബാങ്കുകൾ സർക്കാർ നിർദ്ദേശം പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മരോട്ടിച്ചാൽ സംഭവം അന്വേഷിച്ച് കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും.