kda-marichitta-thengu
വൈദ്യുതി കമ്പിയിൽ തൂങ്ങിക്കിടക്കുന്ന ചിരണക്കൽ പോളിന്റെ പറമ്പിലെ ആന മറിച്ചിട്ട തെങ്ങ്

കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചത് രണ്ട് വൈദ്യുതി തൂണുകളും, 5 തെങ്ങുകളും.


കോടാലി: ഇരുട്ടുവീണാൽ കാട്ടാനകൾ കൃഷിയിടങ്ങളിലേക്കും വാസസ്ഥലങ്ങളിലേക്കും ഇറങ്ങി നാശം വരുത്തുന്നത് പതിവാകുന്നു. കൂട്ടമായും ഒറ്റതിരിഞ്ഞും എത്തി തെങ്ങുകളും കാർഷിക വിഭവങ്ങളും നശിപ്പിക്കുന്ന കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടുകയാണ് പോത്തൻചിറ നിവാസികളും കർഷകരും.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കൂട്ടമായെത്തിയ കാട്ടാനകൾ തെങ്ങുകൾ മറിച്ചിടുന്ന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. വൈദ്യുത തൂണുകളിലും കമ്പികളിലും തെങ്ങുകൾ മറിച്ചിതോടെ വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി നിലച്ചു. സ്വന്തം ചെലവിൽ സോളാർ വേലി സ്ഥാപിച്ച ചിരണക്കൽ പോളിന്റെ തോട്ടത്തിലെ വേലി തകർത്താണ് ആനക്കൂട്ടം അകത്ത് കയറി നാശം വിതച്ചത്.

ഐപ്പൻ പറമ്പിൽ കുന്നേൽ ജോളി തോമസിന്റെ പറമ്പിലെ തെങ്ങും കവുങ്ങും വൈദ്യുത പോസ്റ്റും തകർത്തു. ഒടിഞ്ഞ വൈദ്യുതിക്കാലുകൾ മാറ്റിയിട്ട് വൈദ്യുതി പുനഃസ്ഥാപിച്ചുതരാമെന്ന് അന്വേഷിക്കാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞു. പാറക്കൽ പൗലോസിന്റെ പറമ്പിലെ 3 തെങ്ങും, ആനിക്കാട്ട് പ്രിൻസിന്റെ പറമ്പിലെ തെങ്ങും, ചൂരപ്പിലാന്റെ ഇബ്രാഹിമിന്റെ തെങ്ങും, കവുങ്ങും മറിച്ചിട്ടു തിന്നതായി പറഞ്ഞു. ഇന്നലെ ആറ് മണിയോടെ കാട്ടാന എത്തിയ വിവരം വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജി. വിശ്വനാഥന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് കയറ്റി വിട്ടു.

വരുമാനം നിലച്ചു; സങ്കടം സഹിക്കാനാകാതെ വീട്ടമ്മ
പറമ്പിലെ തെങ്ങുകളിൽ നിന്നുള്ള ആദായമാണ് പ്രധാന വരുമാനം. കുട്ടികളെ പഠിപ്പിക്കുന്നതിനും ചെലവിനുമുള്ള വരുമാനം നിലച്ചതോടെ ബുദ്ധിമുട്ടിലാണ്. നൂറോളം തെങ്ങുകളുണ്ടായിരുന്ന പറമ്പിലെ 47 തെങ്ങുകളും ആന പിഴുതെടുത്തു. റോഡിനു മറുവശത്തെ മറ്റൊരു പറമ്പിലെ 17 തെങ്ങുകളും ആനകൾ നശിപ്പിച്ചിട്ടുണ്ട്.

പറമ്പിന് ചുറ്റുമുള്ള സംരക്ഷണ വേലി നശിപ്പിച്ചതോടെ ആനകളുടെയും മറ്റ് വന്യജീവികളുടേയും ശല്യം വർദ്ധിച്ചിരിക്കുകയാണ്. ഇടവിളകൾ ചെയ്യാനും സാധിക്കാത്ത അവസ്ഥയിലാണ്. ആനശല്യം തടയാൻ നടപടിയെടുക്കാനോ അന്വേഷിക്കാനോ രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളോ രണ്ടുവർഷത്തോളമായി തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ലിസി സങ്കടത്തോടെ പറഞ്ഞു.

ഇന്നലെ അഞ്ചേമുക്കാലോടെ വീണ്ടും ആന വനാതിർത്തിയിലെത്തി മരച്ചില്ലകൾ ഒടിക്കുന്ന ശബ്ദം കേട്ടു. ആറുമണിയോടെ വീട്ടുപറമ്പിലേക്ക് കടന്ന് കഴിഞ്ഞ ദിവസം മറിച്ചിട്ട തെങ്ങിന്റെ ബാക്കിഭാഗം തിന്നാനായി ആനയെത്തി. വന്നത് വലിയ ആനയാണെന്നും ഐപൻകുന്നേൽ പറമ്പിൽ ജോളിയുടെ ഭാര്യ ലിസി പറഞ്ഞു.