fish

മാള: പണിമുടക്കിയ ഹർത്താലിനെ പഴിച്ച് ചൂണ്ടയിടാൻ പോയ മൂവർ സംഘത്തിന് ലഭിച്ചത് 60 കിലോഗ്രാം തൂക്കം വരുന്ന മത്സ്യം. അരാ പൈമ ഇനത്തിലുള്ള ഭീമൻ മത്സ്യം ചൂണ്ടയിൽ കൊളുത്തിയതോടെ ഹർത്താൽ ഇവർക്ക് അനുഗ്രഹമായി മാറി. ഓട്ടോ ഡ്രൈവർ വെണ്ണൂർപ്പാടം സ്വദേശി എം.കെ ശ്രീകുമാറും ബന്ധുവായ ഗുരുവായൂർ സ്വദേശി ഓട്ടോ ഡ്രൈവർ പി.ആർ ബിജുവും സുഹൃത്തായ പ്ലാവിൻമുറി സ്വദേശി പി.കെ ഷാബുവുമാണ് രാവിലെ വെണ്ണൂർ തുറയിൽ ചൂണ്ടയിടാൻ പോയത്.

ചൂണ്ടയിൽ ആദ്യമാദ്യം ചെറിയ കരിമീനുകൾ ലഭിച്ചു. തുടർന്നാണ് മത്സ്യ ഭീമനെ കൊളുത്തിയത്. ചൂണ്ടയിൽ കുരുങ്ങിയ അരാ പൈമ മൂവരുമായി കുറെയേറെ സമയം പിടിവലി നടത്തി. ചൂണ്ടയടക്കം തുറയിലേക്ക് വലിച്ചു പോകുമെന്ന ഘട്ടത്തിൽ അര മണിക്കൂറിന് ശേഷമാണ് മൂവരും വെള്ളത്തിലേക്ക് ചാടിയത്. തുടർന്നുള്ള പോരാട്ടത്തിന് ശേഷമാണ് മത്സ്യത്തെ കരയിലേക്ക് വലിച്ച് കയറ്റാനായതെന്ന് എം.കെ ശ്രീകുമാർ പറഞ്ഞു. ഈ ഇനത്തിന് ജീവനോടെ ലക്ഷങ്ങൾ വില വരുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. കഴിഞ്ഞ പ്രളയകാലത്ത് വന്നുപെട്ടതാണ് ഈ മത്സ്യമെന്ന് കരുതുന്നു. ഡാമുകളിലും ഇത്തരം മത്സ്യം ഉണ്ടാകും. മത്സ്യത്തെ വലിയപറമ്പിലെ കൃഷ്ണൻകോട്ട ഫ്രാൻസിസിന്റെ കടയിലെത്തിച്ചു. കിലോഗ്രാമിന് ശരാശരി 300 രൂപ വില വരുന്ന അരാ പൈമക്ക് 18,000 രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് അടി ഉയരമുള്ള മത്സ്യത്തെ കാണാനും ദൃശ്യം പകർത്താനുമായി നിരവധി പേരാണെത്തിയത്.