ചെറുതുരുത്തി: ഫേസ് ബുക്കിലൂടെ മത സ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയ പഞ്ചായത്ത് ക്ലർക്കിനെ തൃശൂർ ഡയറക്ടറേറ്റ് ഒഫ് പഞ്ചായത്ത് സസ്‌പെൻഡ‌് ചെയ്തു. ദേശമംഗലം പഞ്ചായത്തിലെ സീനിയർ ക്ലർക്ക് സി. രാജനാണ് സസ്‌പെൻഷനിലായത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഒരാൾ ഫേസ് ബുക്കിലൂടെ നടത്തിയ പരാമർശത്തിന് മറുപടിയായി രാജൻ എഴുതിയ കുറിപ്പാണ് വിവാദമായത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടറേറ്റിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അമ്പതു വർഷം കൂടി കഴിഞ്ഞാൽ തലയിൽ തൊപ്പിയും പർദ്ദയും അണിഞ്ഞു മാത്രമേ പുറത്തിറങ്ങാനാകൂ എന്നായിരുന്നു രാജന്റെ പരാമർശം.