തൃശൂർ : പൗരത്വ ബില്ലിനെതിരെ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനകൾ അഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. പ്രതിഷേധ പ്രകടനക്കാർക്ക് നിരത്തിലിറങ്ങാൻ പൊലീസ് അനുമതി നൽകിയില്ല.

സിറ്റി പൊലീസ് പരിധിയിൽ പതിനെട്ട് കേസുകളിലായി 268 പേരെ അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, പോരാട്ടം സംഘടനാ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കേസെടുത്തു. ഈസ്റ്റ് സ്റ്റേഷനിൽ 24 പേരെയും, 11 വനിതകളെയും അറസ്റ്റ് ചെയ്തു. കുന്നംകുളത്ത് 55 പുരുഷന്മാരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു., ചാവക്കാട് 43, ചേലക്കര 26, പാവറട്ടി 12, മണ്ണുത്തി 9, പഴയന്നൂർ 7 എന്നിവിടങ്ങളിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. മാളയിലും ചാവക്കാട്ടും പ്രകടനക്കാരെ അറസ്റ്റ് ചെയ്തു. പലയിടത്തും ഹർത്താൽ അനുകൂലികളെ കരുതൽ തടങ്കലിലെടുത്തു. കെ.എസ്.ആർ.ടി.സി. ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തി. സ്വകാര്യബസുകൾ പേരിന് മാത്രം നിരത്തിലിറങ്ങി.

മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള റൂട്ടുകളിൽ ചില ബസുകൾ സർവീസ് നടത്തി. രാവിലെ കാഞ്ഞാണി വാടാനപ്പിള്ളി റൂട്ടിൽ എതാനും ബസുകൾ സർവീസ് നടത്തിയെങ്കിലും പിന്നെ നിറുത്തി . മെഡിക്കൽ കോളേജ് ഭാഗത്തേക്ക് എതാനും ബസുകൾ മുടക്കമില്ലാതെ സർവീസ് നടത്തി. നഗരത്തിൽ വളരെ കുറച്ച് കടകൾ മാത്രമാണ് തുറന്നത്. കോർപറേഷൻ പരിസരം, എം.ഒ റോഡ് എന്നിവിടങ്ങളിൽ ഹർത്താനുകൂലികൾ പ്രകടനമായെത്തി കടകളടപ്പിച്ചു. നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞു കിടന്നു. അതേസമയം ഉൾപ്രദേശത്ത് പല കടകളും തുറന്നു. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ സർവീസ് നടത്തി. തീരദേശ മേഖലയിലാണ് ഹർത്താൽ കാര്യമായി ബാധിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കുമെന്നറിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന ഭയവും ജീവനക്കാർക്ക് എത്തിച്ചേരാനാകാത്തതുമാണ് പ്രശ്നമായതെന്ന് കച്ചവടക്കാർ പറയുന്നത്. കാര്യമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.


വിദ്യാർത്ഥികൾ വലഞ്ഞു

ഹർത്താൽ കാരണം പരീക്ഷയ്‌ക്കെത്താൻ കഴിയാതെ സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾ വലഞ്ഞു. സ്‌കൂളുകളിലെ അർദ്ധ വാർഷിക പരീക്ഷകളും സർവകലാശാലകളിലെ വിവിധ പരീക്ഷകളുമാണ് നടക്കുന്നത്. ഹർത്താൽ പ്രഖ്യാപിച്ചിട്ടും പരീക്ഷകളൊന്നും മാറ്റിയിരുന്നില്ല. മിക്കയിടത്തും പകുതിയിൽ താഴെ മാത്രമാണ് ഹാജർനില. സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള എൻജിനിയറിംഗ് കോളജുകളിൽ ഏഴാം സെമസ്റ്റർ പരീക്ഷ നടത്തി. നിരവധി പേർക്ക് എത്താനായില്ലെന്നതിന്റെ പേരിൽ ഇതിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധമുയർന്നു.