vijayan

തൃശൂർ : പടിഞ്ഞാറെക്കോട്ടയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ ഡ്യൂട്ടി റൂമിൽ പൂട്ടിയിട്ട് ആറു റിമാൻഡ് തടവുകാരനും ഒരു അന്തേവാസിയും രക്ഷപ്പെട്ടു. തൻസീർ, ചിറ്റൂർ ഇരട്ടക്കുളം കുറുക്കംപേട്ട വീട്ടിൽ വിജയൻ, നിഖിൽ, വിഷ്ണു എന്ന് വിളിക്കുന്ന കണ്ണൻ, പാലക്കാട് വണ്ടാഴി നെല്ലിക്കോട് വീട്ടിൽ വിപിൻ, ജിനീഷ് എന്നീ ആറ് പ്രതികളും കോടതി ഉത്തരവ് പ്രകാരം പാർപ്പിച്ചിട്ടുള്ള രാഹുലുമാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ പാർപ്പിച്ചിരുന്ന ഇവരെ ഇന്നലെ ഭക്ഷണം നൽകുന്നതിനായി പുറത്തു കൊണ്ടുവന്ന സമയത്താണ് രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ ഡ്യൂട്ടി റൂമിൽ പൂട്ടിയിട്ട് കാവലുണ്ടായിരുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാരനായ രഞ്ജിത്തിനെ ആക്രമിച്ച് മൂന്ന് പവന്റെ മാലയും കവർന്ന് മതിൽ ചാടിയാണ് രക്ഷപ്പെട്ടത്.

രഞ്ജിത്തിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഇയാൾക്ക മുഖത്ത് ഇടിയേറ്റിട്ടുമുണ്ട്. വിജയൻ, വിപിൻ എന്നിവർ വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരാണ്. രണ്ട് പേർ ഇടുക്കിയിൽ നിന്നും രണ്ട് പേർ ഏറണാകുളത്ത് നിന്നും സെല്ലിൽ എത്തിച്ചവരാണ്. വിജയന്റെ പേരിൽ നിരവധി കേസുകളുൾ നിലവിലുണ്ട്. വിയ്യൂർ ജയിലിൽ റിമാൻഡിലിരിക്കെ മറ്റൊരു പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലും പ്രതിയാണിയാൾ. വിയ്യൂർ ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇവിടേക്ക് എത്തിയതെന്ന് സംശയിക്കുന്നു. ഇവിടെയെത്തിയ ശേഷം മറ്റുള്ളവരെ കൂടി സംഘടിപ്പിച്ച് രക്ഷപ്പെടാനുള്ള തന്ത്രം മെനഞ്ഞതാണെന്നും കരുതുന്നു. സംഭവമറിഞ്ഞ ഉടൻ എ.സി.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തി. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.