attack
തൃശൂർ കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ എ.ബി.വി.പി പ്രവർത്തകനെ കോളേജിൽ വച്ച് വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം

തൃശൂർ: പൗരത്വ ഭേദഗതിയെ അനുകൂലിച്ചുള്ള സെമിനാർ തടഞ്ഞതിൽ പ്രതിഷേധിച്ച് കേരളവർമ്മ കോളേജിൽ പ്രകടനം നടത്തിയ എ.ബി.വി.പി പ്രവർത്തകരെ എസ്.എഫ്.ഐക്കാർ ക്ളാസിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ എ.ബി.വി.പി കോളേജ് യൂണിറ്റ് സെക്രട്ടറി ഐ.ആർ. രാഹുൽ (19), വൈസ് പ്രസിഡന്റ് സി.എസ്. ആരോമൽ (19), എക്‌സി. അംഗം അക്ഷയ് കൃഷ്ണൻ (19) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെമിനാറിന് നേതൃത്വം നൽകിയവർക്കാണ് മർദ്ദനമേറ്റത്.

ക്ലാസിൽ നിന്ന് വലിച്ചിറക്കി വരാന്തയിലിട്ട് മർദ്ദിച്ച വിദ്യാർത്ഥികളെ അദ്ധ്യാപകരാണ് രക്ഷിച്ചത്. രാഹുലിന്റെ തലയ്‌ക്കും കാലിനും, ആരോമലിന്റെ തലയ്ക്കും നെഞ്ചിനുമാണ് പരിക്ക്. അക്ഷയ് കൃഷ്ണന്റെ തലയ്‌ക്ക് തുന്നലുണ്ട്. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. എസ്.എഫ്‌.ഐ യൂണിയൻ മുൻ ചെയർമാൻ യദുകൃഷ്ണനുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. ആക്രമണത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ പുറത്തു വന്നു.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോളേജിൽ നടത്താനിരുന്ന സെമിനാർ എസ്.എഫ്.ഐക്കാർ തടഞ്ഞിരുന്നു. തുടർന്ന് വഴിയോരത്താണ് പരിപാടി സംഘടിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ ക്ലാസിൽ കയറി വിദ്യാർത്ഥികളോട് സമരത്തിൽ പങ്കെടുക്കണമെന്ന് എ.ബി.വി.പി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതാണ് എസ്.എഫ്‌.ഐക്കാരെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ പ്രതിഷേധിച്ച് എ.ബി.വി.പി കോളേജിൽ പ്രകടനം നടത്തി. പരിക്കേറ്റവരെ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജനറൽ സെക്രട്ടറി അഡ്വ. കെ.കെ. അനീഷ്‌ കുമാർ തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചു.

'കേരളവർമ്മ കോളേജിൽ എസ്.എഫ്‌.ഐയുടെ അക്രമങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുകയാണ്. കോളേജ് അധികൃതരുടെയും പൊലീസിന്റെയും മൗനാനുവാദത്തോടെയാണ് ക്രിമിനലുകൾ വിലസുന്നത്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കണം".

- പി.കെ. കൃഷ്ണദാസ്, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം