തൃപ്രയാർ: തളിക്കുളം സ്‌നേഹതീരത്ത് ഡിസംബർ 21 മുതൽ ജനുവരി1 വരെ സാങ് സ്‌നേഹതീരം കാർണിവൽ സംഘടിപ്പിക്കുന്നു. തളിക്കുളം ഗവ. ഹൈസ്‌കൂളിലെ 1992 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കാർണിവൽ 12 ദിവസം നീണ്ടുനിൽക്കും. ട്രേഡ് ഫെയർ, മ്യൂസിക്ക് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, മാജിക് ഷോ, ക്രിസ്തുമസ് കരോൾ, മൈലാഞ്ചി മൊഞ്ച്, കിഡ്‌സ് ഫെസ്റ്റ്, സ്‌നേഹോത്സവം, ഡാൻസ് ഫെസ്റ്റ് എന്നിവ നടക്കും. 21ന് ശനിയാഴ്ച വൈകീട്ട് ടി.എൻ പ്രതാപൻ എം.പി കാർണിവൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗീതഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വ്യവസായ വകുപ്പുമായി സഹകരിച്ച് ഭക്ഷ്യനിർമ്മാണ പഠനക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വ്യവസായ വകുപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. എ.എം. ഷെമീർ, പ്രവീൺ മുന്നു, നെജീന അഷറഫ്, എ.കെ ഗിനേഷ്, പ്രിയ സജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.