തൃശൂർ: പൊലീസിനെ ക്രൂരമായി മർദ്ദിച്ച് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവുകാർ ചാടിപ്പോകാൻ ഇടയാക്കിയത് പൊലീസിൻ്റേയും സ്ഥാപനത്തിലെയും വൻ സുരക്ഷാവീഴ്ചകൾ. സംഭവം നടക്കുന്ന സമയത്ത് ഒരു പൊലീസുകാരൻ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്യൂട്ടിയിലുളള മറ്റൊരു പൊലീസുകാരൻ സ്ഥലത്തില്ലായിരുന്നു.

20 തടവുകാർ ഇവിടെ ഫോറൻസിക് സെല്ലിലുണ്ട്. സെല്ലിൽ നിന്ന് പുറത്തിറക്കുമ്പോൾ പൊലീസിന്റെ സാന്നിദ്ധ്യം നിർബന്ധമാണ്. ഡ്യൂട്ടിക്കായി നിശ്ചിത പൊലീസിനെയും ചുമതലപ്പെടുത്തണം. എന്നാൽ ഇതൊന്നും പാലിക്കപ്പെടാറില്ല. കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും നൽകാറില്ലെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്.

നിയോഗിക്കപ്പെട്ട പൊലീസുകാർ തടവുകാരുടെ എസ്കോർട്ട് ഡ്യൂട്ടിക്ക് പോകുമ്പോൾ മാനസികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജിലും കഴിയുന്ന തടവുകാരുടെ സുരക്ഷയ്ക്ക് ആളില്ലാതാകും. അതുകൊണ്ടു തന്നെ ചട്ടപ്രകാരം വേണ്ട പൊലീസുകാർ സുരക്ഷയ്ക്ക് ഉണ്ടാവാറില്ല. തടവുപുള്ളികൾ രക്ഷപ്പെടുന്ന സംഭവം ആവർത്തിക്കുന്ന സാഹചര്യത്തിൽ, എസ്‌കോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ജോലിയുടെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കാൻ കമ്മിഷണർമാർക്കും എസ്.പിമാർക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് ജയിൽ ഡി.ജി.പി. ഋഷിരാജ് സിംഗ് കത്തെഴുതിയിരുന്നു.

129 വര്‍ഷം പൂര്‍ത്തിയാക്കിയ പടിഞ്ഞാറെക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ പരിമിതികളും അന്തേവാസികൾക്ക് രക്ഷപ്പെടാനുളള പഴുതുകൾ ഒരുക്കി. 14 ഏക്കറിൽ നിലകൊളളുന്ന സ്ഥാപനത്തിൻ്റെ മതിലുകൾ കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞ നിലയിലാണ്. പിന്നിലെ പൊളിഞ്ഞ ചുറ്റുമതിൽ ചാടിയാണ് ഏഴുപേർ രാത്രിയിൽ രക്ഷപ്പെട്ടതും. വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതിനാൽ ഇതിനു മുമ്പും പലവട്ടം രോഗികൾ ചാടിപ്പോയിട്ടുണ്ട്. എന്നാൽ റിമാൻഡ് പ്രതികളടക്കം ഇത്രയധികം പേർ ഒരുമിച്ച് രക്ഷപ്പെടുന്നത് ആദ്യമായതിനാൽ സംഭവത്തിൻ്റെ ഞെട്ടലിലാണ് അധികൃതർ. അതേസമയം, രോഗം അഭിനയിച്ച് ജയിൽ ചാടാനും ജയിൽവാസം ഒഴിവാക്കി ആശുപത്രിയിൽ കഴിയാനുമുളള ശ്രമങ്ങൾ തടവുകാർക്കിടയിൽ കൂടുന്നതായാണ് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

തന്ത്രങ്ങൾക്ക് പിന്നിൽ :

1. പലവിധ രോഗങ്ങൾ അഭിനയിച്ച് ഗവ. മെഡിക്കൽ കോളേജിൽ സുഖവാസം

2. മാനസിക രോഗിയായി നടിച്ച് മാനസിക രോഗാശുപത്രികളിലും കഴിയും

3. സംശയത്തിൻ്റെ ആനുകൂല്യത്തിൽ ഡോക്ടർമാരും 'രോഗി'യാക്കും

4. ശിക്ഷാ ഇളവിനും കേസിന് ബലംകിട്ടാനും മാനസികരോഗാശുപത്രി സർട്ടിഫിക്കറ്റ്

തടവുകാരുടെ സെല്ലിൽ വേണ്ടത്:

ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസർ,

നാല് പൊലീസുകാർ

മാനസികാരോഗ്യ കേന്ദ്രത്തിന് വേണ്ടത് :

രണ്ട് സർജൻ്റ്

രണ്ട് സെക്യൂരിറ്റി ജീവനക്കാർ

''മതിലുകളുടെ ഉയരം കൂട്ടാനായി 2.15 കോടി അനുവദിച്ചിരുന്നു. നിർമ്മാണത്തിനുളള നടപടികൾ ഉടനുണ്ടാകും. സുരക്ഷാ ജീവനക്കാരുടെ കുറവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ''

-ഡോ. രേഖ, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട്....