ചാലക്കുടി: അടിസ്ഥാന വർഗങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിൽ പിണറായി സർക്കാർ ബൃഹത്തായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കന്നതെന്ന് ബി.ഡി. ദേവസി എം.എൽ.എ. അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന കോളനികളിൽ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം കാഞ്ഞിരപ്പിള്ളിയിലും കലിക്കൽ കുന്നിലും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ഓരോ മണ്ഡലത്തിലും പ്രതിവർഷം ഒരു കോളനിയെയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ പ്രത്യേക പരിഗണന എന്ന നിലയിൽ ചാലക്കുടി ബ്ലോക്കിൽ ഇതിനകം അഞ്ചു കോളനികളെ തിരഞ്ഞെടുത്തു. എല്ലായിടത്തും കോളനി നിവാസികളുടെ അഭിപ്രായം ശേഖരിച്ച ശേഷമാണ് പദ്ധതി തയ്യാറാക്കിയതെന്നും എം.എൽ.എ തുടർന്നു പറഞ്ഞു. കാലതാമസം കൂടാതെ ചെലവഴിച്ചില്ലെങ്കിൽ ഫണ്ട് പാഴായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലിക്കൽകുന്ന് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. സരസ്വതി, മുൻ അംഗം കെ.കെ. ചന്ദ്രൻ, കൺവീനർ ഐ.കെ. ബാലൻ, എം.കെ. സുബ്രഹ്മണ്യൻ, മായ ദിനേശൻ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പിള്ളിയിലെ ചടങ്ങിൽ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് അദ്ധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ രാവുണ്ണി ഷാജു മാടാന, സിന്ധു, ഷോജൻ, സിനി ഡേവിസ്, പി.എസ്. ശ്യാം, ജിപ്‌സി ജെയ്‌സൺ, ലിജി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.