ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. ഡിസംബർ 25നാണ് മഹോത്സവം. വെള്ളിയാഴ്ച രാത്രി എട്ടിന് ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി കൊടിയേറ്റ് കർമ്മം നിർവഹിക്കും. വൈകീട്ട് അഞ്ചിന് വടക്കെ കൂടപ്പുഴ കാട്ടുപറമ്പിൽ ബാബുവിന്റെ വസതിയിൽ നിന്നും താളമേളങ്ങളുടെ അകമ്പടിയോടെ കൊടിയും കൊടിക്കയറും എഴുന്നള്ളിക്കും.

ശനിയാഴ്ച ഉത്സവച്ചടങ്ങുകൾക്ക് പുറമെ തണ്ടികവരവ് നടക്കും. വിവിധ കരകളിൽ നിന്നും പുറപ്പെടുന്ന തണ്ടിക സംഘങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരും.മേൽശാന്തി കെ. ബാബുലാൽ, പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.ടി. ബാബു എന്നിവരുടെ നേതൃത്വത്തിൽ തണ്ടിക പുറപ്പാടുകളെ സ്വീകരിക്കും. ഞായറാഴ്ച രാത്രി 7.30ന് നാടൻ പാട്ടുകൾ, തിങ്കളാഴ്ച വിവിധ കലാപരിപാടികൾ, ചൊവ്വാഴ്ച ഗാനമേള എന്നിവയും നടക്കും.

ഉത്സവദിനമായ ബുധനാഴ്ച രാവിലെ വിവിധ കരകളിൽ നിന്നും പുറപ്പെടുന്ന കാവടി സംഘങ്ങൾ ഉച്ചയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ചയ്ക്ക് ക്ഷേത്രം ഹാളിൽ അന്നദാനം ഉണ്ടാകും. വൈകീട്ട് അഞ്ചിന് സൗത്ത് ജംഗ്ഷനിൽ നിന്നും കാവടി ഘോഷയാത്ര ആരംഭിച്ച് രാത്രി 10ന് ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് പള്ളിവേട്ടയും വ്യാഴാഴ്ച രാവിലെ ആറാട്ടും നടക്കും.