ഗുരുവായൂർ: കുചേലദിനത്തിൽ അവിൽപൊതികളുമായി ആയിരങ്ങൾ കണ്ണനെ ദർശിക്കാനെത്തി. കുചേലൻ ശ്രീകൃഷ്ണനെ കാണാൻ അവിൽ പൊതിയുമായി പോയതിന്റെ ഓർമ്മയ്ക്കായാണ് ധനുമാസത്തിലെ ആദ്യ ബുധനാഴ്ച കുചേലദിനമായി ആഘോഷിക്കുന്നത്.

നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയിൽ കുഴച്ച 3.70 ലക്ഷം രൂപയുടെ അവിൽ വഴിപാടായി നിവേദിച്ചു. 13 ഇല്ലങ്ങളിൽ നിന്നുള്ള കീഴ്ശാന്തി നമ്പൂതിരിമാരാണ് അവിൽനിവേദ്യം തയ്യാറാക്കിയത്. പന്തീരടി പൂജയ്ക്കും അത്താഴപ്പൂജയ്ക്കും കുഴച്ച അവിൽ ഗുരുവായൂരപ്പന് നിവേദിച്ചു. ദേവസ്വം തയ്യാറാക്കിയ അവിലിന് പുറമെ ഭക്തർ കൊണ്ടുവന്ന അവിലും ഉച്ചപ്പൂജ ഉൾപ്പെടെ മൂന്നുനേരം നിവേദിച്ച് ഭക്തർക്ക് തിരിച്ചുനൽകി.

കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ സ്മരണയ്ക്കായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വൈകീട്ട് വരെ കഥകളിഗായകർ കുചേലവൃത്തം പദങ്ങൾ ആലപിച്ചു. രാത്രി ഡോ: സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറി.