പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ താണവീഥി എട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.സ്ഥാനാർത്ഥി ടി.ജി. പ്രവീണിന് വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ഐയിലെ വിവേക് വെളിവാലത്തിനെയാണ് പ്രവീൺ തോൽപ്പിച്ചത്. സി.പി.ഐയിലെ ഒ.എസ്. പ്രദീപ് വ്യക്തിപരമായ കാരണങ്ങളാൽ രാജി വച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ആകെ പോൾ ചെയ്ത 966 വോട്ടിൽ 412 വോട്ട് നേടിയാണ് പ്രവീണിന്റെ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി വിവേക് വെളിവാലത്തിന് 392 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാജി ചീരോത്തിന് 156 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ആറ് വോട്ടും.
ഈ ഉപതിരഞ്ഞെടുപ്പോടെ 15 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ രണ്ട് അംഗങ്ങളായി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച ജനപിന്തുണ നിലനിറുത്താൻ കഴിഞ്ഞതാണ് എൽ.ഡി.എഫിൽ നിന്ന് ഈ വാർഡ് പിടിച്ചെടുക്കാൻ കഴിഞ്ഞതെന്ന് പാർട്ടി പ്രവർത്തകർ അവകാശപ്പെടുന്നു.
ബുധനാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വോട്ടെണ്ണലിന് വരണാധികാരി ചാവക്കാട് സബ് രജിസ്ട്രാർ കെ. റസീന, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാർ എന്നിവർ നേതൃത്വം നൽകി. വോട്ടെണ്ണൽ കേന്ദ്രത്തിൽ പൊലീസ് സേനയുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ബി.ജെ.പി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.