ഗുരുവായൂർ: ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർപ്ലാൻ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് യോഗം. നഗരസഭയാണ് യോഗം വിളിച്ചിട്ടുള്ളത്. രാവിലെ പത്തിനു കിഴക്കെനടയിലുള്ള കെ.ടി.ഡി.സിയുടെ ടാമറിന്റിലാണ് യോഗം. ടി.എൻ. പ്രതാപൻ എം.പി, കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, മുരളി പെരുനെല്ലി എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലിലെ കക്ഷി നേതാക്കൾ, ദേവസ്വം പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഡിസംബർ ആറിനു തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് ഗുരുവായൂരിൽ യോഗം ചേരുന്നത്. മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മൂന്നു മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ഗുരുവായൂർ വികസനത്തിനു മെട്രോമാൻ ഇ. ശ്രീധരനെ മുഖ്യ ഉപദേശകനാക്കാൻ തീരുമാനിച്ചിരുന്നത്. ദേവസ്വവും നഗരസഭയും യോജിച്ചാവണം മാസ്റ്റർപ്ലാൻ തയാറാക്കേണ്ടത്.