തൃശൂർ : പടിഞ്ഞാറെക്കോട്ടയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ ഡ്യൂട്ടി റൂമിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടവരിൽ രണ്ടുപേരെ പിടികൂടി. കോടതി ഉത്തരവ് പ്രകാരം പാർപ്പിച്ചിരുന്ന രാഹുലിനെയും റിമാൻഡ് പ്രതി പാലക്കാട് വണ്ടാഴി നെല്ലിക്കോട് വീട്ടിൽ വിപിനെയുമാണ് പിടികൂടിയത്. വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിൽ രാഹുലിനെ ഒളരിയിൽ നിന്നും വിപിനെ ഞാറയ്ക്കലിൽ നിന്നുമാണ് പിടികൂടിയത്. വിപിൻ കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.
രക്ഷപ്പെട്ട അഞ്ച് റിമാൻഡ് തടവുകാർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തൻസീർ, വിജയൻ, നിഖിൽ, കണ്ണൻ, ജിനീഷ് എന്നിവരെയാണ് ഇനി പിടിക്കാനുള്ളത്. ഇതിനിടെ പ്രതികളുടെ മർദ്ദനമേറ്റ രഞ്ജിത്തിന്റെ മൊബൈൽ ഫോൺ പടിഞ്ഞാറെക്കോട്ടയിൽ നിന്ന് കണ്ടെത്തി. പ്രതികൾ സംഘം ചേർന്ന് രഞ്ജിത്തിനെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് മർദ്ദിച്ച ശേഷം പോക്കറ്റിലെ താക്കോൽ കൈവശപ്പെടുത്തുകയായിരുന്നു.
അതേ സമയം ഡ്യൂട്ടിയിൽ ചുരുങ്ങിയത് മൂന്നു പൊലീസുകാർ ഉണ്ടാകേണ്ടതാണ്. ബാക്കിയുള്ളവർ കൃത്യമായി ജോലിക്ക് കയറിയിരുന്നില്ലെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ്തല നടപടി ഉണ്ടായേക്കും. രക്ഷപ്പെട്ട നിഖിൽ, വിജയൻ എന്നിവർ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ജിതിഷിന്റെ പേരിൽ പിറവം സ്റ്റേഷനിൽ കൊലപാതക കേസുണ്ട്. തൻസീർ, വിഷ്ണു എന്നിവർക്കെതിരെ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിൽ അതിക്രമം, കൊലപാതക കേസുകൾ എന്നിവയുണ്ട്. ഇവരെ പാർപ്പിച്ചിരുന്ന സെല്ലിൽ 19 റിമാൻഡ് തടവുകാരടക്കം 31 പേരാണ് ഉള്ളത്.