തൃശൂർ: സ്ഥാപിത താത്പര്യമുള്ള വ്യവസായ ലോബിയുടെ ഭാഗമാകാതെ, കഷ്ടപ്പെടുന്ന കൃഷിക്കാരന്റെ കണ്ണീർ കാർഷിക ഗവേഷകർ കാണണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ പറഞ്ഞു. ഇന്ത്യൻ സൊസൈറ്റി ഫോർ പ്ലാന്റ് ഫിസിയോളജി (ഐ.എസ്.പി.പി) കേരള കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച പ്ലാന്റ് ഫിസിയോളജി ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും വ്യവസായ ലോബിയുടെ വക്താക്കളായി മാറുന്നുണ്ട്. സങ്കീർണ്ണമായ സാങ്കേതികവിദ്യകളെക്കാൾ, ലളിതവും ചെലവു കുറഞ്ഞതുമായ ഉത്പാദന രീതികളാണ് വേണ്ടത്. കുട്ടനാട്ടിൽ പ്രളയത്തിനു ശേഷം ഒരു ചില്ലിക്കാശു ചെലവിടാതെ, അത്യുത്പാദന ശേഷിയുള്ള വിത്തില്ലാതെ, 40 ശതമാനം ഉൽപാദന വർദ്ധനവുണ്ടായി. പ്രകൃതി നൽകുന്ന പാഠം ഗവേഷകർ മറക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു
കാർഷിക സർവകലാശാല പ്ലാന്റ് ഫിസിയോളജി വകുപ്പ് മുൻ തലവൻ ഡോ. എസ്. ശേഷാദ്രിനാഥിന് ആദരം അർപ്പിച്ചു. മുതിർന്ന പ്ലാന്റ് ഫിസിയോളജിസ്റ്റുകളായ ഡോ. ടി.വി.ആർ. നായർ, ഡോ. കെ. നന്ദിനി എന്നിവരെ മന്ത്രി ആദരിച്ചു. ഐ.എസ്.പി.പിയുടെ ജെ.ജെ. ചിനോയ് സ്വർണമെഡൽ ഡോ. നരേന്ദകുമാർ ഗുപ്ത, ജെ.സി. ബോസ് സ്വർണമെഡൽ ഡോ. സ്‌നേഹലത സിംഗ്ല പരീക്, ആർ.ഡി. അസാന സ്വർണമെഡൽ ഡോ. ശരത്കുമാർ ദ്വിവേദി എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. ഐ.എസ്.പി.പി ഫെലോഷിപ്പുകൾ ഡോ. ദീപു മാത്യു, ഡോ. ആർ. ഗോമതി എന്നിവർ ഏറ്റുവാങ്ങി. വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. 21ന് സമാപിക്കും.