മാള: മാലിന്യത്തിന്റെ കലവറയായി മാറിയ മാളച്ചാൽ ഹരിതകേരളം മിഷന്റെ ഭാഗമായി ശുചീകരിക്കുന്നു. മാളയിലെ ഏറ്റവും വലിയ ജലാശയമായ ചാൽ ഏറെക്കാലമായി മാലിന്യത്തിന്റെ കേന്ദ്രമാണ്. കഴിഞ്ഞ പ്രളയകാലത്ത് ചാലക്കുടിപ്പുഴ ഗതി മാറി ഒഴുകിയെത്തിയപ്പോഴാണ് സ്വാഭാവിക ശുചീകരണം നടന്നത്. തുടർന്നുള്ള കാലയളവിൽ മാലിന്യം നിറയുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം അടക്കമുള്ളതാണ് ചാലിൽ എത്തുന്നതെന്ന് നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശുചീകരണം അടുത്ത ദിവസങ്ങളിൽ തുടങ്ങും. ശുചീകരണത്തിനായി മാള പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.