മാള: സുമനസുകൾ കൈകോർത്തപ്പോൾ ഓട്ടിസം കേന്ദ്രത്തിലേക്ക് സഹായങ്ങളുടെ പ്രവാഹം. അന്നമനടയിൽ പ്രവർത്തിക്കുന്ന മാള ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ബി.ആർ.സിയുടെ കീഴിലുള്ള ഓട്ടിസം കേന്ദ്രത്തിനാണ് സഹായം നൽകിയത്. പത്മ ചാരിറ്റബിൾ ട്രസ്റ്റ്, യു.എസ്.എ കേന്ദ്രീകരിച്ചുള്ള ക്ലാപ്പ്, കൈരളി ഒഫ് ബാൾട്ടിമോർ എന്നിവയാണ് ഓട്ടിസം സെന്ററിനെ മികച്ചതാക്കുന്നത്.
പ്രളയ ദുരിതാശ്വാസമായി ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങൾ നൽകിയ ഈ കൂട്ടായ്മ അന്നമനടയിൽ നിരവധി പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. ഓട്ടിസം കേന്ദ്രത്തിലെ കുട്ടികൾക്കുള്ള ഉപകരണങ്ങൾ, നിർധന രോഗികൾക്കുള്ള സാമ്പത്തിക സഹായം, കേന്ദ്രത്തിലെത്തുന്ന അമ്മമാർക്ക് സ്വയം തൊഴിലിനായി തയ്യൽ യന്ത്രങ്ങൾ എന്നിവയാണ് ഈ കൂട്ടായ്മ നൽകിയത്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നവർ അറിയിച്ചു.
സഹായ വിതരണം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീദേവി വിജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, വൈസ് പ്രസിഡന്റ് ടി.കെ. ഗോപി, ഗീത ഉണ്ണിക്കൃഷ്ണൻ, കെ. ദിനേശ്കുമാർ, എം.പി. അനിൽകുമാർ, ശ്യാമള അയ്യപ്പൻ, ബി.പി.ഒ. ശശി, കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന വോളിബാൾ പരിശീലകൻ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.