school

കോണത്തുകുന്ന് ഗവ.യു.പി സ്കൂൾ

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു. പി. സ്കൂളിന് കിഫ്ബിയുടെ ഒരു കോടി രൂപ അനുവദിച്ചു. ആയിരത്തിൽ താഴെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ എന്ന നിലയിലാണ് തുക അനുവദിച്ചത്. സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം കണക്കിലെടുത്താണ് ഫണ്ട്‌ അനുവദിച്ചത്. നിലവിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്‌ വരെ 820 വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ജില്ലയിലെ യു.പി സ്കൂളിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ക്ലാസ് മുറികളുടെ കുറവ് സ്കൂൾ നേരിടുന്നുണ്ട്. നിലവിലുള്ള മാസ്റ്റർ പ്ലാനിനോട് യോജിക്കുന്ന രീതിയിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടത്താൻ ധാരണയായി. ഇത് സംബന്ധിച്ചുള്ള ആലോചനായോഗം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. മോഹനൻ, നിഷ ഷാജി, സ്കൂൾ ഹെഡ്മിസ്ട്രസ് പി. വൃന്ദ, സിമി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ്‌ എം.എസ്. രഘുനാഥ് എന്നിവർ സംസാരിച്ചു.