കയ്പമംഗലം: എടത്തിരുത്തി കമ്മായി റോഡ് സഹോദര ബസ് സ്‌റ്റോപ്പിന് പടിഞ്ഞാറ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അയിനി മരത്തിലെ ഭീമൻ കടന്നൽക്കൂട് പരിസരവാസികൾക്ക് ഭീഷണിയാകുന്നു. കടന്നൽ കൂടുള്ള മരത്തിനടുത്തുകൂടെയാണ് നിരവധിപേർ സഞ്ചരിക്കുന്നത്. രാത്രി കാലങ്ങളിൽ ലൈറ്റ് ഇടുമ്പോൾ അടുത്ത വീടുകളിലേക്ക് കടന്നലുകൾ ഇരച്ചെത്തുന്നതായും പരിസരവാസികൾ പറഞ്ഞു.. കടന്നലുകളുടെ ആക്രമണം ഭയന്ന് പലരും രാത്രിയിൽ വീടിന് പുറത്തിറങ്ങാറില്ല. അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കടന്നൽ കൂട് നിൽക്കുന്ന മരത്തിന് തൊട്ടടുത്ത പറമ്പിലെ മരത്തിലെ കടന്നൽ കൂടിളകിയാണ് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് കുത്തേറ്റത്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്ന് പൊതു പ്രവർത്തകനായ ടി.എൻ. ഷാജി ആവശ്യപെട്ടു.