പുതുക്കാട്: മംഗലാപുരം നാഗർകോവിൽ മംഗലാപുരം പരശുറാം എക്‌സ്പ്രസ് ട്രെയിനുകൾക്ക് പുതുക്കാട് സ്റ്റോപ്പ് അനുവദിച്ചതിന്റെ അഞ്ചാം വാർഷിക ആഘോഷം വേറിട്ട കാഴ്ചയായി. ഇരുദിശകളിലേക്കുള്ള തീവണ്ടികൾ ഒരേ സമയത്താണ് പുതുക്കാട് എത്തുന്നത് എന്ന പ്രത്യേകയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
തീവണ്ടികൾ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ കുഞ്ഞു സാന്താക്ലോസുകൾ അവരുടെ അമ്മമാർക്കൊപ്പം കേക്കും മിഠായികളുമായി അണിനിരന്ന് കണ്ടപ്പോൾ യാത്രക്കാർക്ക് കൗതുകമായി. ഇരു പരശുറാം എക്‌സ്പ്രസുകൾ നിറുത്തിയിട്ട സമയത്ത് എത്തിയ കൊച്ചുവേളി ഹൈദ്രാബാദ് ശബരി എക്‌സ്പ്രസിലെ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പന്മാർ കുഞ്ഞുസാന്താക്ലോസുമാരെ കണ്ടപ്പോൾ ശരണം വിളിച്ച് അഭിവാദ്യം ചെയ്തു.
പുതുക്കാട് ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രീ സ്‌കൂൾ വിഭാഗത്തിലെ കുട്ടികളായിരുന്നു യാത്രക്കാർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്ന് മധുരം നൽകിയത്. ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷനും ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ, പ്രിൻസിപ്പൽ ബേബി, പി.ടി.എ പ്രസിഡന്റ് കെ.യു. രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികളുടെ ആശംസ കൈമാറൽ.