തൃശൂർ: പടിഞ്ഞാറെക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ കൂടി പിടിയിലായി. പിറവം കോഴിമല ചെറുവേരി കുഴിയിൽ വീട്ടിൽ ജിതീഷാണ് പിടിയിലായത്. എറണാകുളം മരടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇതോടെ മൂന്ന് പേർ അറസ്റ്റിലായി. ഇനി തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു കണ്ണൻ എന്നിങ്ങനെ നാലു പേരെയാണ് ഇനി പിടികൂടാനുള്ളത്. ബുധനാഴ്ച രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു.

പിടികൂടിയ അസം സ്വദേശിക്ക് കുറ്റകൃത്യ പശ്ചാത്തലമില്ലെന്നും മനോദൗർബല്യത്തിന് ചികിത്സയിലിരിക്കെയായിരുന്നു ജയിൽചാട്ടമെന്നും പൊലീസ് പറഞ്ഞു. പിടിക്കപ്പെട്ട പാലക്കാട് സ്വദേശി വിപിൻ തൃശൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി ഭാര്യാ വീട്ടിലേക്കു പോകുന്നതിനിടെയാണ് പിടിയിലാകുന്നത്. പിടിയിലായ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

രക്ഷപ്പെട്ട ഏഴു പ്രതികളും പലവഴിക്കാണ് പിരിഞ്ഞതെന്ന് പിടിക്കപ്പെട്ട പ്രതികൾ പൊലീസിനോട് സമ്മതിച്ചതിനെ തുടർന്ന് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.

ഇനി പിടികൂടാനുള്ളവരിലൊരാൾ യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ ശിക്ഷാത്തടവുകാരനാണ്. രണ്ട് പേർ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഭക്ഷണത്തിനായി സെല്ലിൽ നിന്നും പുറത്തിറക്കിയപ്പോൾ ജീവനക്കാരെ ആക്രമിച്ചു ഇവർ രക്ഷപ്പെടുകയായിരുന്നു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരനെയും ആക്രമിച്ചു.