ഗുരുവായൂർ: നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഗുരുവായൂർ ക്ഷേത്ര നഗരിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ നിർദ്ദേശം. അടുത്ത 20 വർഷം മുൻകൂട്ടി കണ്ടുള്ള കരട് മാസ്റ്റർ പ്ലാൻ ജില്ലാ ടൗൺ പ്ലാനർ രാജീവ് അവതരിപ്പിച്ചു.

പദ്ധതികളുടെ അവലോകനത്തിനായി കൃത്യമായ ഇടവേളകളിൽ ഉന്നതതല യോഗം വിളിച്ച് ചേർക്കുന്നതിനും യോഗം തീരുമാനിച്ചു. കെ.വി അബ്ദുൾ ഖാദർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. ഗുരുവായൂർ അഴുക്കുചാൽ പദ്ധതി, അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടന്നുവരുന്ന കാന നിർമ്മാണം, മൾട്ടി പാർക്കിംഗ് നിർമ്മാണം, പൊലീസ് സ്‌റ്റേഷൻ തുടങ്ങി ഗുരുവായൂരിൽ നടന്നുവരുന്ന നിർമ്മാണ പ്രവൃത്തികൾ എല്ലാം ചർച്ചയായി.

നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം. രതി, നിർമ്മല കേരളൻ, ടി.എസ് ഷെനിൽ, കെ.വി വിവിധ്, ഷൈലജ ദേവൻ, മുൻ നഗരസഭ ചെയർമാൻമാരായ ടി.ടി ശിവദാസ്, പ്രൊഫ. പി.കെ ശാന്തകുമാരി, മുൻ വൈസ് ചെയർമാൻ കെ.പി വിനോദ്, കൗൺസിലർമാരായ ശോഭ ഹരി നാരായണൻ, എ.പി ബാബു, ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, നഗരസഭ സെക്രട്ടറി എ.എസ് ശ്രീകാന്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

..........


കാന നിർമ്മിച്ച് അതിന് മുകളിൽ നടപ്പാത ഒരുക്കുന്ന പദ്ധതി മേയ് മാസത്തിന് മുമ്പ് പൂർത്തിയാക്കണം

വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അഴുക്കുചാൽ പദ്ധതി ജനുവരി 31ന് കമ്മിഷൻ ചെയ്യണം

വാട്ടർ കണക്ഷൻ നൽകുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണം

2020 മാർച്ചിൽ ദേവസ്വത്തിന്റെ പാർക്കിംഗ് കേന്ദ്രം പൂർത്തിയാക്കണം

ഒക്ടോബറിൽ നഗരസഭയുടെ പാർക്കിംഗ് കേന്ദ്രം പൂർത്തിയാക്കണം

..............
ക്ഷേത്രത്തിന് ചുറ്റും ദേവസ്വം നടത്തിവരുന്ന നിർമ്മാണ പ്രവൃത്തികൾ നഗരസഭ തടയുന്നു. ദേവസ്വവും നഗരസഭയും തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നതിന് എം.എൽ.എ മുൻകൈയെടുത്ത് യോഗം വിളിക്കണം.

അഡ്വ. കെ.ബി മോഹൻദാസ്

ദേവസ്വം ചെയർമാൻ

......

ക്ഷേത്രത്തിന് പുറത്ത് എന്ത് നിർമ്മാണം നടത്തുകയാണെങ്കിലും നഗരസഭയിൽ പ്ലാൻ സമർപ്പിച്ച് അനുമതി വാങ്ങണം

നഗരസഭ അധികൃതർ