കൊടുങ്ങല്ലൂർ: ഇന്ത്യയിൽ ഹിന്ദുവല്ലാത്ത ഒരു വ്യക്തി ജീവിക്കുന്നുണ്ടെങ്കിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ സമ്മതിക്കില്ല എന്ന മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടിന് വിരുദ്ധമായാണ് ഇന്നത്തെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. എം.ഇ.എസ് അസ്മാബി കോളേജിൽ ഗാന്ധി സ്‌മൃതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "മഹാത്മജിയും ന്യൂനപക്ഷങ്ങളും " സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഇ.എസ് അസ്മാബി കോളേജ് ലൈബ്രറിയിൽ ആരംഭിക്കുന്ന ഗാന്ധി കോർണറിന്റെ ഉദ്ഘാടനവും കോളേജിൽ പുതിയതായി തുടങ്ങുന്ന സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള 30 ആദിവാസി വിഭാഗത്തിലുള്ളവരുടെ എൻറോൾമെന്റ് ചടങ്ങും ഡോ. ഫസൽ ഗഫൂർ നിർവഹിച്ചു. എം.ഇ.എസിന്റെ എല്ലാ കോളേജുകളിലും ഗാന്ധി സ്‌മൃതിയുടെ ഭാഗമായി തുടങ്ങുന്ന ഗാന്ധി കോർണർ സ്പോൺസർ ചെയ്തിരിക്കുന്നത് അസ്മാബി കോളേജ് അലുംനി അസോസിയേഷനാണ്.
അഡ്വ. വി.ഡി സതീശൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ആസ്പിൻ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. അജിംസ് പി മുഹമ്മദ്, സലിം അറയ്ക്കൽ, കെ.കെ. കുഞ്ഞുമൊയ്തീൻ, വി.എം. ഷൈൻ, കെ.എം. അബ്ദുൾ സലാം, അഡ്വ. കെ.എം. നവാസ്, പി.കെ. മുഹമ്മദ് ഷമീർ, സിയാവുദീൻ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.