ഇരിങ്ങാലക്കുട: ബിവറേജിന് സമീപം നിറുത്തിയിട്ടിരുന്ന വാനിന് തീ പിടിച്ചു. കാട്ടൂർ റോഡിൽ ബിവറേജിന് മുൻവശത്തായി എസ്.എൽ.ആർ ഹോട്ടലിന് മുന്നിൽ നിറുത്തിയിട്ടിരുന്ന മിനി വാനിനാണ് തീ പിടിച്ചത്. ഹോട്ടൽ ഉടമ പുല്ലൂർ സ്വദേശി ബഷീർ കാറ്ററിംഗ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനമാണിത്. വാനിൽ നിന്നും ശക്തമായ പുക ഉയരുന്നത് കണ്ട് സമീപത്തെ ലോട്ടറി വിൽപ്പനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ച് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് കരുതുന്നു. തീ ആളി പടരാതിരുന്നത് വൻ ദുരന്തം ഒഴിവായി. വാഹനത്തിൽ സൂക്ഷിച്ചിരുന്ന ബഷീറിന്റെ തിരിച്ചറിയൽ രേഖകളും മറ്റ് ആവശ്യരേഖകളും കത്തി നശിച്ചു.