ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച രാത്രി എട്ടിന് ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി കൊടിയേറ്റ് കർമ്മം നിർവഹിക്കും.
ഉത്സവദിനമായ ബുധനാഴ്ച രാവിലെ വിവിധ കരകളിൽ നിന്നും പുറപ്പെടുന്ന കാവടി സംഘങ്ങൾ ഉച്ചയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ചയ്ക്ക് ക്ഷേത്രം ഹാളിൽ അന്നദാനം ഉണ്ടാകും. വൈകീട്ട് അഞ്ചിന് സൗത്ത് ജംഗ്ഷനിൽ നിന്നും കാവടി ഘോഷയാത്ര ആരംഭിച്ച് രാത്രി 10ന് ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് പള്ളിവേട്ടയും വ്യാഴാഴ്ച രാവിലെ ആറാട്ടും നടക്കും. കാവടി ഘോഷയാത്രയിൽ വൈവിധ്യമാർന്ന കലാവിരുന്നുകൾ അവതരിപ്പിക്കും. 24ന് നടക്കുന്ന കലാ സാംസ്‌കാരിക സന്ധ്യയിൽ കൂടപ്പഴ ശ്രീമുരുക സംഗീത പുരസ്‌കാരം വിതരണം ചെയ്യും. പ്രശസ്ത പിന്നണി ഗായകൻ ശ്രീകാന്തിനാണ് ഫലകവും 10001 രൂപയും നൽകുക. ഗായിക സൗമ്യ നേകഷിനും ഉപഹാരം നൽകും. തുടർന്ന് ആചാര്യ ആനന്ദ് കൃഷ്ണൻ നയിക്കുന്ന കോഴിക്കോട് ഗോൾഡൻ മെലഡീസിന്റെ ഗാനമേളയും ഉണ്ടായിരിക്കും. പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.ടി. ബാബു, ട്രഷറർ കെ.ജി. സുന്ദരൻ, കോ- ഓർഡിനേറ്റർ ഇ.എസ്. അനിയൻ, ജോയിന്റ് സെക്രട്ടറിമാരായ സി.എസ്. സത്യൻ, ടി.കെ. ബാബു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.