തൃശൂർ: ഇന്ത്യൻ ഭരണഘടനയെ പിച്ചിച്ചീന്തി തന്നിഷ്ടം വിഹരിക്കാമെന്ന നരേന്ദ്രമോദിയുടെയും ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വ്യാമോഹം വച്ചുപൊറുപ്പിക്കില്ലെന്ന് ബിനോയ് വിശ്വം എം.പി. തൃശൂരിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഭരണഘടന വളരെ പഴയതാണെന്നും അത് മാറ്റിയിട്ട് പുത്തൻഭരണഘടന വേണമെന്നും വാദിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും അതിന് വഴികാട്ടിയായി ചൂണ്ടിക്കാട്ടുന്നത് മനുസ്മൃതിയെയാണ്.
ഇതിലൂടെ തന്നെ അവർ ജീവിക്കുന്നത് ഏതോ പ്രാകൃത കാലഘട്ടത്തിലാണെന്ന് വ്യക്തമാണ്. പൗരത്വ നിയമമെന്ന പേരിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത് യഥാർത്ഥത്തിൽ പൗരത്വത്തെ ബലാംത്സംഗം ചെയ്യുന്ന നിയമമാണ്. പൗരന്മാരെ അവഹേളിക്കുന്ന, തള്ളിപ്പറയുന്ന ഈ നിയമത്തെ നാം മാനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബിജോൺ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്, മേയർ അജിതാ വിജയൻ, കെ.കെ വത്സരാജ്, എൻ.ആർ ബാലൻ, കെ.യു അരുണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ സംസാരിച്ചു.