തൃശൂർ: പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കേരള സാഹിത്യ, സംഗീത- നാടക, ലളിതകലാ അക്കാഡമികളുടെ നേതൃത്വത്തിൽ എഴുത്തുകാരുടെയും കലാകാരൻമാരുടെയും പ്രതിഷേധകൂട്ടായ്മ ജനുവരി ആദ്യവാരം തൃശൂരിൽ നടക്കുമെന്ന് സാഹിത്യ അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ അറിയിച്ചു.
മനുഷ്യസ്നേഹികളായ എല്ലാ എഴുത്തുകാരും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുമെന്നു തന്നെയാണ് കരുതുന്നത്.

രാജ്യമെങ്ങുമുള്ള സമരങ്ങളെ മുസ്‌ലിം കേന്ദ്രീകൃതപ്രതിഷേധമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. മതവിവേചനം തന്നെയാണ് ഈ നിയമത്തിലുള്ളത്. രാജ്യത്തിൻ്റെ വിശുദ്ധഗ്രന്ഥമായ ഭരണഘടനയ്ക്ക് വിരുദ്ധമാണിത്. അഭയം നൽകുന്നത് മതത്തിൻ്റെ പേരിൽ ആകുന്നത് അനുവദിക്കാനാകില്ല. അയൽരാജ്യങ്ങളിലെ എല്ലാമനുഷ്യരെയും ഒരുപോലെ പരിഗണിക്കാനാകണമെന്നും തൃശൂരിൽ മറ്റ് സാംസ്കാരിക സംഘടനകളുടെ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.