എരുമപ്പെട്ടി: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അംഗൻവാടി വർക്കർമാർ വീടുകളിലെത്തി നടത്തുന്ന സർവെ ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടത്തുന്നതാണെന്നുള്ള പ്രചരണം പരിഭ്രാന്തിക്ക് ഇടയാക്കുന്നു. ജനങ്ങളുടെ നിസഹകരണം പലയിടങ്ങളിലും സർവെ തടസപ്പെടാൻ ഇടയാക്കിയിരിക്കുകയാണ്.
മുൻ വർഷങ്ങളിലും നടത്തിവന്നിരുന്ന സർവേയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മൊബൈൽ ഫോണിൽ കോമൺ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ഇതിനുവേണ്ടി അംഗൻവാടി വർക്കർമാർക്ക് മൊബൈൽ ഫോൺ നൽകിയിട്ടുണ്ട്. സർവേ തുടങ്ങും മുൻപ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായാണ് സർവേ നടത്തുന്നതെന്ന് വാട്സ്ആപ്പ് ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നതാണ് കണക്കെടുപ്പിനെ പ്രതികൂലമായി ബാധിച്ചത്.
കുപ്രചരണത്തിൽ പരിഭ്രാന്തിയിലായിരിക്കുന്നത് മുസ്‌ലിം മത വിഭാഗത്തിൽപ്പെട്ടവരാണ്. ഒരു കാരണവശാലും സർവേയുമായി സഹകരിക്കരുതെന്നാണ് വാട്സ്ആപ്പ് വഴിയുള്ള ശബ്ദ സന്ദേശങ്ങളിൽ പറയുന്നത്. ഇതിനെത്തുടർന്ന് രേഖകൾ നൽകാൻ ഭൂരിഭാഗം ഗുണഭോക്താക്കളും തയ്യാറാകുന്നില്ല. സംശയത്തോടെ വീക്ഷിക്കുന്നതും നിസ്സഹകരണവും കയർത്തു സംസാരിക്കുന്നതും ചില പ്രദേശങ്ങളിൽ കൈയ്യേറ്റം ചെയ്തു എന്നുള്ള പ്രചരണവും അംഗൻവാടി വർക്കേഴ്സിന് മാനസിക പ്രയാസവും ഭയവും ഉണ്ടാക്കുന്നുണ്ട്.
..........................................
സർവേ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാൻ
ഒരോ അംഗൻവാടി പ്രദേശത്തുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരുടെ വിവരങ്ങൾ ശേഖരിക്കാനും അതുവഴി അവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കൃത്യമായി ലഭ്യമാക്കാനും അനീമിയ, പോഷകക്കുറവ് തുടങ്ങിയ രോഗങ്ങൾ നിർമ്മാർജ്ജനം ചെയ്യുവാനുമാണ് സർവേ കൊണ്ട് ലക്ഷ്യമിടുന്നത്.
..........................................
ആശങ്കവേണ്ടെന്ന് ജനപ്രതിനിധികൾ
സർവേ കൃത്യമായി നടത്താൻ കഴിഞ്ഞില്ലെങ്കിൽ അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. അതിനാൽ തന്നെ സർവേയ്ക്ക് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നും പരിഭ്രാന്തരാകാതെ ജനങ്ങൾ സർവേയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി സന്ദേശങ്ങൾ നൽകുന്നുണ്ട്. സർവേയുമായി സഹകരിയ്ക്കണമെന്ന് കടങ്ങോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജലീൽ ആദൂർ വേലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. ഷോബി എന്നിവർ ആവശ്യപ്പെട്ടു.