തൃശൂർ: കൊച്ചി- സേലം പെട്രോളിയം ഗ്യാസ് പൈപ്പ്‌ ലൈൻ പദ്ധതിയിൽ ഭൂമിക്കും കാർഷിക വിളകൾക്കും ഉയർന്ന വില നൽകാമെന്ന വാഗ്ദാനം ലംഘിക്കുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ പൈപ്പ്‌ലൈൻ സുരക്ഷിതത്വ നഷ്ടപരിഹാര ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തുന്നു. നാളെ രാവിലെ ഉച്ചയ്ക്ക് 1.30ന് പട്ടിക്കാട് ഗലീലിയോ ഓഡിറ്റോറിയത്തിൽ നടത്തുന്ന സംഗമം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് കെ. രാജൻ മുഖ്യാതിഥിയാകും. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി, വി.കെ. ശ്രീകണ്ഠൻ എം.പി, കാടുകുറ്റി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. ഏഴായിരത്തോളം പേർക്കാണ് ഇത്തരത്തിൽ വൻ നഷ്ടം സംഭവിച്ചിരിക്കുന്നതെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സമിതി സെക്രട്ടറി ഒ.എസ്. അനിൽകുമാർ, ട്രഷറർ കെ. സന്തോഷ്, എം.ആർ. രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.