തൃശൂർ: പഴം, പച്ചക്കറികളുടെ വിദേശ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ. വി.എഫ്.പി.സി.കെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കയറ്റുമതിക്ക് ഉതകുന്ന ഉത്പാദന രീതി അവലംബിക്കണം. അതിനനുസൃതമായി കൃഷി പരിപാലന വിളവെടുപ്പ് വേണമെന്നും മന്ത്രി പറഞ്ഞു.

നിരന്തരമായ പ്രൊഫഷണലിസം കൃഷി രീതിയിൽ കൊണ്ടുവന്ന് കേരളത്തിന്റെ കാർഷിക ഉത്പന്നങ്ങൾ ആഭ്യന്തര, വിദേശ വിപണികൾ കീഴടക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.എഫ്.പി.സി.കെ കൃഷിക്കാരുടെ സ്ഥാപനമാണെന്നും ജീവനക്കാരുടേതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകനുള്ള ഹരിത കീർത്തി അവാർഡിന് കൊല്ലം സ്വദേശി എം. രാജുവിന് സമ്മാനിച്ചു. വൈഗ 2020 ന്റെ പ്രൊമോഷൻ വീഡിയോയും മന്ത്രി പ്രകാശനം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന കെ.എൻ. രാമകൃഷ്ണൻ, കെ. ഷംസുദ്ദീൻ എന്നിവരെ ആദരിച്ചു. കോർപറേഷൻ കൗൺസിലർ കെ. മഹേഷ് അദ്ധ്യക്ഷനായി. വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എ.എൽ. ആരതി, ഡയറക്ടർമാരായ കെ.എൻ. രാമകൃഷ്ണൻ, മല്ലികാ ദേവി , കെ.ആർ. മോഹനൻ പിള്ള, വി.കെ. ചാക്കോ, കെ. ഷംസുദ്ദീൻ, എ. പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.