തൃശൂർ : ജില്ലയിലെ മികച്ച കർഷകനുള്ള വി.എഫ്.പി.സി.കെ വാർഡ് മറ്റത്തൂർ സ്വാശ്രയ കർഷക സമിതി അംഗമായ കെ.ജെ. ആന്റുവിന്. മുറിക്കുങ്കൽ സ്വാശ്രയ സംഘത്തിലെ സജീവ അംഗമായ ആന്റു 25 വർഷമായി കാർഷിക രംഗത്തുണ്ട്. 15 ഏക്കറിലാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. മികച്ച വാഴ കർഷകൻ കൂടിയായ ഇദ്ദേഹം പച്ചക്കറി കൃഷിയും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
നേന്ത്രൻ പൂവൻ വാഴ ഇനങ്ങളും, കുമ്പളം, മത്തൻ, വെള്ളരി എന്നിവയും കൂടാതെ കോടാലി മുളകും കൃഷി ചെയ്തു. സ്വന്തം നഴ്‌സറിയിലൂടെ മികച്ച പച്ചക്കറി തൈകൾ വിപണനം നടത്തി വരുന്നു. സൗരോർജം ഉപയോഗപ്പെടുത്തിയാണ് കൃഷിയിടം നനക്കുന്നത്. കൃഷിയുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതോടൊപ്പം ശാസ്ത്രീയമായ കൃഷി രീതിയും വിജയകാരണമാണ്. ഇക്കഴിഞ്ഞ പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ട് ടൺ ഉത്പന്നങ്ങൾ സംഭാവന നൽകി. സമിതി മുഖേന 39 ലക്ഷം രൂപയുടെ 40 ടൺ ഉത്പന്നങ്ങൾ വിറ്റഴിക്കുവാൻ സാധിച്ചു. 2014 ലെ ജില്ലയിലെ മികച്ച കർഷകനായി തിരഞ്ഞെടുത്തിട്ടുണ്ട്. ബിന്ദു ആണ് ഭാര്യ, വിദ്യാർത്ഥികളായ ആൽബിൻ, അബിൻ എന്നുവരാണ് മക്കൾ.