ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ 12 ദിവസത്തെ സുഭദ്രാ ധനഞ്ജയം കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ അദ്ധ്യക്ഷനായി. കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത മുഖ്യാതിഥിയായി. കലാമണ്ഡലം രാമചാക്യാരെ ചടങ്ങിൽ ആദരിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗം ടി.എൻ. ശിവശങ്കരൻ, നഗരസഭാ കൗൺസിലർ സി. അനിൽകുമാർ, മമ്മിയൂർ ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങളായ വി.പി. ആനന്ദൻ, കെ.കെ. ഗോവിന്ദദാസ്, എക്‌സിക്യൂട്ടീവ് ഓഫീസർ പി.ടി. സുഷാകുമാരി എന്നിവർ പ്രസംഗിച്ചു.
പ്രത്യേകം തയാറാക്കിയ കൂത്തമ്പലത്തിലാണ് കൂടിയാട്ടം അരങ്ങേറുന്നത്. ദിവസവും ദീപാരാധനയ്ക്കുശേഷം വൈകിട്ട് 6.30നു കൂടിയാട്ടം ആരംഭിക്കും. കൂടിയാട്ടത്തിന്റെ ഭാഗമായി 23ന് രാവിലെ 10ന് നടക്കുന്ന സെമിനാർ കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തും. കലാമണ്ഡലം സംഗീത് ചാക്യാർ, കലാമണ്ഡലം രാമചാക്യാർ, പൈങ്കുളം നാരായണ ചാക്യാർ, മാർഗി മധു ചാക്യാർ, പൊതിയിൽ നാരായണ ചാക്യാർ, അമ്മന്നൂർ കുട്ടൻ ചാക്യാർ, കലാമണ്ഡലം ശിവൻ നമ്പൂതിരി തുടങ്ങിയവരാണ് വിവിധ ദിവസങ്ങളിൽ കൂടിയാട്ടം അവതരിപ്പിക്കുന്നത്.