ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിന് സമീപം നഗരസഭയുടെ അനുമതിയില്ലാതെ ഇ-ടോയ്ലറ്റ് നിർമ്മിക്കരുതെന്ന് ചാവക്കാട് മുൻസിഫ് കോടതി ഉത്തരവിട്ടു. നേരത്തെ കോടതി സ്റ്റേ ചെയ്ത നടപടിക്കെതിരെ ദേവസ്വം നൽകിയ ആക്ഷേപത്തിൽ വാദം കേട്ട ശേഷമാണ് മുൻസിഫ് കെ. കൃഷ്ണകുമാർ ഉത്തരവായത്. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാൽ ദേവസ്വം വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
ക്ഷേത്ര കുളത്തിന് വടക്കു ഭാഗത്തായിട്ടാണ് ദേവസ്വം ഈ ടോയ്‌ലറ്റ് നിർമാണം തുടങ്ങിയിരുന്നത്. നഗരസഭയിൽ നിന്ന് അനുമതി വാങ്ങാതെയും ക്ഷേത്രക്കുളം മലിനമാകാൻ ഇടയാകുമെന്നുമുള്ള ചാവക്കാട് മണത്തല സ്വദേശി മത്രംകോട്ട് വിമൽ വിശ്വനാഥന്റെ പരാതിയിലാണ് നിർമ്മാണം നിറുത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടത്. നേരത്തെ കോടതി കമ്മീഷനെ നിയോഗിച്ച് സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. ജെറി.കെ. ജോസിനെയാണ് കോടതി കമ്മീഷനായി നിയോഗിച്ചിരുന്നത്. പരാതിക്കാരന് വേണ്ടി അഭിഭാഷകരായ കെ.എസ്. ബിനോയ്, കെ.വി. നിമ്മി, രഞ്ജിക കെ.ചന്ദ്രൻ എന്നിവർ ഹാജരായി.