മാള: മാള മേഖലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും വിതരണം ശക്തിപ്പെടുത്താനും കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ 110 കെ.വിയായി ഉയർത്തുന്നു. പുതുക്കിയ സബ് സ്റ്റേഷന്റെ ഉദ്‌ഘാടനം മന്ത്രി എം.എം മണി 24 ന് നിർവഹിക്കുമെന്ന് വി.ആർ സുനിൽ കുമാർ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിലുള്ള 66 കെ.വി സബ് സ്റ്റേഷൻ ഘട്ടം ഘട്ടമായാണ് ഉയർത്തിയത്. പത്ത് കോടിയിലധികം രൂപ ചെലവഴിച്ചാണ് ചാലക്കുടിയിൽ നിന്ന് ലൈൻ കൊണ്ടുവന്ന് സബ് സ്റ്റേഷൻ 110 കെ.വിയാക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചത്. മാള, അന്നമനട, പൊയ്യ, കുഴൂർ, പുത്തൻചിറ, ആളൂർ എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന മാള, അന്നമനട, കുഴൂർ, പുത്തൻചിറ, കൊമ്പിടിഞ്ഞാമാക്കൽ എന്നീ സെക്‌ഷനുകളുടെ പരിധിയിലുള്ള 45,000 ഉപഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുക. ചൊവ്വാഴ്ച രാവിലെ പത്തിന് മാള പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.പി ശ്യാം പ്രസാദ്, മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, എ. രമേഷ് എന്നിവരും പങ്കെടുത്തു.