ചാലക്കുടി: തൊഴിലാളികളുടെ പണിമുടക്ക് നിമിത്തം ചാലക്കുടിയിലെ സിവിൽ സപ്ലൈ ഗോഡൗണിന്റെ പ്രവർത്തനം നിലച്ചു. കൂലി വർദ്ധനവ് ആവശ്യപ്പെട്ട് 49 തൊഴിലാളികളാണ് പണിമുടക്കിയത്. നേരത്തെ ഇവർ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതു സംബന്ധിച്ച് ചർച്ചകളൊന്നും ഇതുവരേയും നടന്നില്ല. പാലക്കാട് റീജണൽ ഓഫീസിൽ അടുത്ത ദിവസം ചർച്ചയ്ക്ക് വച്ചിട്ടുണ്ടെന്ന അറിയിപ്പ് എത്തിയിട്ടുണ്ട്. ഒരു ലോഡ് സാധനങ്ങൾ ഇറക്കുന്നതിന് 1266 രൂപയാണ് തൊഴിലാളികളുടെ കൂലി. എന്നാൽ നേരത്തെയുണ്ടായിരുന്ന കാരാറുകാരൻ സ്വയമായി എടുത്ത തീരുമാനപ്രകാരം ഇതു 1650 രൂപ നൽകിവന്നിരുന്നു. ഇപ്പോൾ കരാറുകാരൻ മാറുകയും പുതിയയാൾ എത്തുകയും ചെയ്തു. എന്നാൽ ഇയാൾ സംസ്ഥാനത്ത് നിലനിൽക്കുന്ന പഴയ കൂലി നൽകിത്തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. നിലവിൽ നൽകികൊണ്ടിരുന്ന കൂലിയുടെ 10 ശതമാനം വർദ്ധിപ്പിച്ച നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ചാലക്കുടി, മുകുന്ദപുരം എന്നീ താലൂക്കുകളിലെ 37 ഔട്ട് ലെറ്റുകളിലേയ്ക്ക് പടിഞ്ഞാറെ ചാലക്കുടിയിലെ ഗോഡൗണിൽ നിന്നുമാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്.