ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമം ആരംഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. തൃശൂർ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി തഹസിൽദാർ ലാലുവിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം സ്ഥലം അളക്കാനെത്തിയത്.

സർക്കാരിന്റെ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പുനരാരംഭിച്ചത്. 23 ഉടമകളിൽ നിന്നായി അമ്പതോളം സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഓരോരുത്തരുടെയും ഭൂമിയുടെ മൊത്തം വിസ്തൃതി, അതിൽ നിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിവരം, ഭൂമിയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്ക് തുടങ്ങിയവ രേഖപ്പെടുത്തും.

ഈ റിപ്പോർട്ട് കളക്ടർക്ക് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ നിശ്ചയിച്ച വില ഉടമകൾക്ക് കൈമാറും. മേൽപ്പാലം നിർമിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ തുക നൽകിയാൽ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാകും. കിഴക്കേനട റെയിൽവേ ക്രോസിൽ 25 കോടി രൂപ ചെലവിട്ടാണ് മേൽപ്പാലം നിർമിക്കുന്നത്. 462 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമായിരിക്കും മേൽപ്പാലത്തിന്. റെയിൽവേയുടെ അനുമതി നേരത്തെ ലഭിച്ചിട്ടുണ്ട്. സ്ഥലമെടുപ്പ് സംബന്ധിച്ച നടപടികൾക്ക് മാത്രമാണിപ്പോൾ കാലതാമസം. നേരത്തെ രണ്ട് ഭൂവുടമകൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ പദ്ധതി ഉപേക്ഷിച്ചിരുന്നു. പിന്നീട് സർക്കാർ ഇടപെട്ട് പുതിയ വിജ്ഞാപനം ഇറക്കുകയായിരുന്നു.