തൃശൂർ: രാജ്യത്തെ വളരുന്ന വിദ്യാർത്ഥി തലമുറ ബി.ജെ.പിയുടെ ഏകാധിപതികളുടെ അവസാനത്തിന്റെ ആരംഭം കുറിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ മുന്നറിയിപ്പ് നൽകി. ഡി.സി.സി നടത്തിയ പൗരത്വ ബിൽ വിരുദ്ധ സമരം കളക്ടറേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി പ്രക്ഷോഭം ഉജ്ജ്വല സമരങ്ങളുടെ തുടക്കമാണ്. ജനങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ പുറപ്പെട്ടിരിക്കുകയാണ് പഴയ ബ്രിട്ടീഷുകാരുടെ അച്ചാരം വാങ്ങിയവരുടെ പിൻമുറക്കാർ. ബ്രിട്ടീഷുകാർക്ക് മുന്നിൽ മുട്ടുമടക്കിയവരാണ് ഇന്നത്തെ ഭരണാധികാരികളുടെ മുൻ തലമുറ. അവരാണ് ഗാന്ധി , നെഹ്‌റു ദേശസ്‌നേഹ പാരമ്പര്യമുള്ള കോൺഗ്രസിനെ ഉപദേശിക്കാൻ വരുന്നത്. പൊലീസും പട്ടാളവും വെച്ച് കളിച്ചവരെയെല്ലാം ചരിത്രം പാഠംപഠിപ്പിച്ചിട്ടുണ്ട്. ജാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ പിളർത്തി സ്വൈര ജീവിതം അമിത്ഷായും മോദിയും കൂടി ഇല്ലാതാക്കി. ഇതിനെതിരായ പ്രതിഷേധം വൈകാതെ ബി.ജെ.പി നേതൃത്വത്തിൽ നിന്നു തന്നെമുണ്ടാകുമെന്ന് ബെന്നി ഓർമ്മിപ്പിച്ചു.