തൃശൂർ: ചലച്ചിത്ര വികസന കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ തിയേറ്ററുകളിലെ കാൻ്റീനിൽ പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ പഫ്‌സ് വിറ്റതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകി. വടൂക്കര സ്വദേശി ബിനീഷ് ആണ് തൃശൂർ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകിയത്.
ശനിയാഴ്ച വൈകിട്ട് സിനിമയ്ക്കെത്തിയവർക്കാണ് പഴകിയ പഫ്‌സ് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ കടയിലുണ്ടായിരുന്നവർ ആദ്യം എതിർത്തെങ്കിലും പിന്നീട്, പഫ്സ് മാറ്റി നൽകാമെന്നും പണം വേണ്ടെന്നും അറിയിച്ചു. അധികൃതർക്ക് പരാതി നൽകുമെന്ന് അറിയിച്ചതോടെ അവശേഷിച്ചിരുന്ന സാധനങ്ങൾ അവിടെ നിന്നും നീക്കിയതായും പരാതിയിൽ പറയുന്നു.
ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ട ലൈസൻസി നമ്പരുകൾ അടക്കമുള്ളവ ഇവിടെ പ്രദർശിപ്പിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. വീഡിയോ ദൃശ്യങ്ങളും ബീനീഷ് എടുത്തു വെച്ചിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. കെട്ടിടവും തിയേറ്ററും ചലച്ചിത്ര വികസന കോർപറേഷന്റെയാണെങ്കിലും കാന്റീൻ നടത്തുന്നത് സ്വകാര്യ കരാറുകാരാണ്. പിന്നീട് പരാതി ഒതുക്കിത്തീർക്കാനും കാൻ്റീൻ നടത്തിപ്പുകാർ നീക്കം നടത്തി.