തൃശൂർ: മാതാപിതാക്കളുടെ മരണത്താലോ സാമ്പത്തിക പരാധീനതയാലോ കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ വന്നാൽ കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധു വീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകി മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള 'സ്‌നേഹപൂർവ്വം' പ്രതിമാസ ധനസഹായ പദ്ധതി ഒരുങ്ങി.

ഇത്തരം കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതും ജീവിത സാഹചര്യങ്ങൾ മോശമാകുന്നതും പരിഗണിച്ചാണ് പദ്ധതിക്ക് രൂപം നൽകിയത്. മാതാപിതാക്കൾ നഷ്ടപ്പെട്ടാൽ അനാഥാലയത്തിൽ ആക്കുന്നതോടെയുണ്ടാകുന്ന ഒറ്റപ്പെടലുകളിൽ നിന്ന് മോചിതരാക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

പ്രയോജനം ഇവർക്ക്

നഗര പ്രദേശങ്ങളിൽ 22,375 രൂപയും, ഗ്രാമ പ്രദേശങ്ങളിൽ 20,000 രൂപയും വരെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ഡിഗ്രി പ്രൊഫഷണൽ ക്ലാസുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും. എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്ക് വരുമാന പരിധി ഇല്ലാതെ ആനുകൂല്യം. മൂന്നു കാറ്റഗറിയായി തിരിച്ച് സഹായം. ഇതിന് പുറമേ അഞ്ച് വയസിന് താഴെയുള്ളവർക്ക് പ്രത്യേക പരിഗണന നൽകി സഹായം നൽകും. 5 വയസിൽ താഴെ ഉള്ളവർക്ക് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം കേരള സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് നേരിട്ട് അപേക്ഷ നൽകാം.


ലഭിക്കുന്ന സഹായം

1-5 ക്ലാസ്സ് വരെ പ്രതിമാസം 300 രൂപ
6-10 വരെ 500
പ്ലസ് 1, പ്ലസ് 2 700,
ഡിഗ്രി ,പ്രൊഫഷണൽ കോഴ്‌സുകൾക്ക് പ്രതിമാസം 1000


ആവശ്യമായ രേഖകൾ


5 വയസ് മുതൽ ഉള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികൾക്ക് നൽകണം. അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ മരണ സർട്ടിഫിക്കറ്റ്, ബി.പി.എൽ സർട്ടിഫിക്കറ്റ്, ബി.പി.എൽ റേഷൻ കാർഡിന്റെ കോപ്പി, വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, നിലവിലുള്ള രക്ഷാകർത്താവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്


അപേക്ഷ നൽകേണ്ടത്


സ്ഥാപന മേധാവികൾ രേഖകൾ പരിശോധിച്ച് പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം ധനസഹായത്തിന് അർഹതയുള്ള അപേക്ഷകൾ ഓൺലൈൻ ആയി സാമൂഹിക മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് അയക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടർ തുക അനുവദിച്ച് ഗുണഭോക്താവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

പദ്ധതിയുടെ ലക്ഷ്യങ്ങൾ


അനാഥരായ കുട്ടികളെ തിരിച്ചറിയുക
സഹായം ആവശ്യമുള്ള കുട്ടികളെ വിലയിരുത്തി മുൻഗണന നൽകുക
അനാഥരെ സംരക്ഷിക്കുന്നതിന് പരമ്പരാഗത കുടുംബ, കമ്മ്യൂണിറ്റി സംവിധാനങ്ങൾ ശക്തിപ്പെടുത്തി ദുർബല വിഭാഗങ്ങൾക്ക് സാമൂഹിക പരിരക്ഷ നൽകുക.

സാമ്പത്തിക സഹായം നൽകി അനാഥരുടെ കുടുംബങ്ങൾക്ക് സഹായഹസ്തം നൽകുക.