വിവാഹദിനത്തിൽ വധൂവരന്മാർ ധനസഹായം കൈമാറുന്നു
ഗുരുവായൂർ: മിന്നുകെട്ടിൻ ശോഭയിൽ വയോധിക മീനുവിന് ഒരു കൈ സഹായം. ഗുരുവായൂരിലെ പൊതുപ്രവർത്തകനും വിന്നർ ക്ലബ് പ്രസിഡന്റുമായ ആർ. അശോക് കുമാറിന്റെയും ബിന്ദുവിന്റെയും മകൾ നയനയുടെ വിവാഹദിനത്തിലാണ് വയോധികയ്ക്ക് വീട് നിർമ്മിക്കുന്നതിന് സഹായം നൽകിയത്. ഗുരുവായൂർ ഇരിങ്ങപ്പുറത്ത് ഒരു ഷെഡ്ഡിൽ കഴിയുന്ന വയോധികയായ പുന്നത്തൂർ വീട്ടിൽ മീനുവിനാണ് വീട് നിർമ്മിക്കാൻ മകളുടെ വിവാഹ ദിനത്തിൽ അച്ഛൻ അശോക് കുമാർ ധനസഹായം കൈമാറിയത്.
വിവാഹ ആഘോഷം കെങ്കേമമാക്കുമ്പോൾ സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും ഒരു കൈത്താങ്ങ് നൽകണമെന്ന ചിന്തയിലായിരുന്നു അശോക് കുമാർ. അപ്പോഴാണ് ഷെഡ്ഡിൽ കഴിയുന്ന വയോധികയ്ക്ക് സി.പി.ഐ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുപണി പൂർത്തീകരിച്ചുനൽകുന്ന കാര്യമറിയുന്നത്. അതോടെ മീനുവിന് സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ ഗുരുവായൂർ ടൗൺഹാളിൽ നടന്ന വിവാഹ ചടങ്ങിൽ വച്ച് നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രന് വധൂവരൻമാർ ചേർന്ന് സഹായധനം കൈമാറി. സി.പി.ഐ പൂക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. ജ്യോതിരാജ്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
മീനുവിന്റെ ഭർത്താവ് വാസു നേരത്തെ മരിച്ചതാണ്. വീട് നിർമ്മാണം പൂർത്തീകരിക്കാനാകാതെ വിഷമത്തിലായിരുന്ന മീനുവിന്റെ സങ്കടം കണ്ടറിഞ്ഞ സി.പി.ഐ പ്രവർത്തകർ ഇവരുടെ വീടിന്റെ തുടർനിർമ്മാണം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് വീടിന്റെ പണി പൂർത്തീകരിച്ച് ചുറ്റുമതിലും ഗേറ്റും ഉൾപ്പെടെ നിർമ്മിച്ചുനൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ അവസാനത്തോടെ വീടിന്റെ താക്കോൽ കൈമാറും.