ചാലക്കുടി: പുതുതായി രൂപംകൊണ്ട കേരള ബാങ്കിനെ മൂന്ന് ലക്ഷം കോടി രൂപ മൂലധനമുള്ള ബാങ്കാക്കി മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മേലൂർ സർവീസ് സഹകരണ ബാങ്ക് പൂലാനിയിൽ മൂന്നു കോടി രൂപ ചെലവിൽ നിർമ്മിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദ്ധാനമായിരുന്നു കേരള ബാങ്ക് രൂപീകരണം. ഇതിനെ രാഷ്ട്രീയ കാരണങ്ങളാലാണ് യു.ഡി.എഫ് എതിർക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭവന രഹിതരായവർക്കായി കെയർഹോം പദ്ധതി പ്രകാരം നാലായിരം വീടുകൾ നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 2100 എണ്ണത്തിന്റെ താക്കാൽദാനം നടത്തിക്കഴിഞ്ഞു മന്ത്രി വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് ബാങ്കിന്റെ മുറ്റത്തെ മുല്ല പദ്ധതിയും ഉദ്ഘാടനം ചെയ്തു. ആദ്യകാല അംഗങ്ങളെ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ. സമേഷ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ടി.കെ. സതീഷ്‌കുമാർ, താലൂക്ക് അസി.രജിസട്രാർ സി. സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എ. സാബു, ബാങ്ക് പ്രസിഡന്റ് എൻ.ജി. സതീഷ്‌കുമാർ, സെക്രട്ടറി എം. സിന്ധു, എം.എൻ. ദിനേശൻ എന്നിവർ പ്രസംഗിച്ചു.