veed
വീടിന്റെ താക്കോൽദാനം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിക്കുന്നു

എരുമപ്പെട്ടി: ജാതിമത വേർതിരിവില്ലാതെ ഒരുമിച്ച് നിറുത്താൻ ഭരണഘടനയ്ക്ക് കഴിയണമെന്നും സമാധാന അന്തരീക്ഷമുണ്ടെങ്കിൽ മാത്രമേ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയൂവെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. വേലൂർ പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്കുള്ള വീടുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഭവന രഹിതരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യം. രണ്ട് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം വീടുകൾ നിർമ്മിച്ച് നൽകിയ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് നാല് ലക്ഷം വീടുകൾ പണിത് നൽകും. ഇന്ത്യ വലിയ സാമ്പത്തിക തകർച്ചയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ കൂലി നൽകുന്നില്ല. 816 കോടി രൂപയാണ് കൂലിയിനത്തിൽ ലഭിക്കാനുള്ളത്. കേന്ദ്രവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും മറുപടി ലഭിക്കുന്നില്ല. കൂലി ലഭിച്ചില്ലെങ്കിൽ പകരം സംവിധാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ പരിശ്രമിക്കും. വികസനത്തിൽ മാതൃകയാണ് വേലൂർ പഞ്ചായത്തെന്നും പഞ്ചായത്ത് ഓഫീസ് പുതുക്കി പണിയാൻ അടുത്ത സാമ്പത്തിക വർഷത്തിൽ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ അദ്ധ്യക്ഷയായി. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ടി.എം. അബ്ദുൽ റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ കല്യാണി എസ്. നായർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.ആർ. ഷോബി, സ്വപ്ന രാമചന്ദ്രൻ, ശുഭ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.