എരുമപ്പെട്ടി: കോടികൾ ചെലവഴിച്ച് നടത്തുന്ന വടക്കാഞ്ചേരി കേച്ചേരി പുഴ സംരക്ഷണ പദ്ധതിയുടെ പ്രവർത്തനങ്ങൾ വൈകുന്നു. പുഴ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. കുന്നംകുളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് പള്ളിമണ്ണ പാലം മുതൽ വേലൂർ പഞ്ചായത്തിലെ പാത്രമംഗലം പാലം വരെയാണ് പുഴ സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 25 കോടി രൂപയാണ് പുഴ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. പുഴയുടെ വീതിയും ആഴവും വർദ്ധിപ്പിക്കൽ, വശങ്ങളിൽ സംരക്ഷണ ഭിത്തികൾ ,തടയണകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണം മുതലായ പ്രവൃത്തികളാണ് നിലവിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. പുഴയുടെ ഇരു വശങ്ങളിലും കൈയേറ്റം ഒഴിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതിന് വേണ്ടിയുള്ള നടപടികളും കൈകൊണ്ടിട്ടില്ല. പുഴയുടെ നവീകരണം കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്നതോടൊപ്പം രൂക്ഷമായ ജലക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകും.