തൃശൂർ : നാളെ നാളെ നീളെ നീളെ എന്ന അവസ്ഥയിലാണ് ദിവാൻജിമൂല മേൽപ്പാലം. മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്ന തിയതികൾ പറഞ്ഞ് പറഞ്ഞ് കോർപറേഷൻ അധികൃതരുടെ നാവ് കുഴഞ്ഞു. കേട്ട് കേട്ട് പൊതുജനത്തിന്റെ ചെവിയും തഴമ്പിച്ചു. ഇപ്പോളിതാ മേയർ തന്നെ പറയുന്നു ജനുവരി വിട്ട് പോകില്ലെന്ന്.

എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗം കണ്ടാൽ ഏപ്രിൽ പിന്നിട്ടാലും എങ്ങുമെത്തില്ലെന്ന ആശങ്കയുമുണ്ട്. ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞിരുന്ന മേയർ പിന്നീട് ഡിസംബർ ആദ്യവാരമെന്നും അതിന് ശേഷം ഡിസംബർ രണ്ടാം വാരവും അവസാനവുമെല്ലാം പറഞ്ഞു. കരാറുകാരനുമായുള്ള പുതുക്കിയ വ്യവസ്ഥ പ്രകാരം ഒക്ടോബർ അവസാനം പൂർത്തീകരിക്കണമെന്നായിരുന്നു പുതുക്കിയ കരാറിലെ വ്യവസ്ഥ.

അതിനു ശേഷം നിർമ്മാണ പ്രവർത്തനം പൂർത്തിയായില്ലെങ്കിൽ കരാറുകാരനിൽ നിന്ന് പിഴ ഈടാക്കുമെന്ന് വരെ മേയർ പറഞ്ഞിരുന്നു. കൂടുതൽ പേരെ നിറുത്തി പ്രവർത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതും നടന്നില്ല. നിലവിൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാനുള്ള ദിവാൻജിമൂല മേൽപ്പാലം നിർമ്മാണം മുടന്തി നീങ്ങുകയാണ്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മണ്ണടിച്ച് നികത്തുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഇതിന് ഒച്ചിന്റെ വേഗം പോലും ഇല്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇനിയും ഏറെ പ്രവർത്തനം നടക്കാനിരിക്കെയാണ് ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത്.

പാലം വന്നാൽ...


നഗരത്തിലെ തിരക്കേറിയ വഴിയിലാണ് ദിവാൻജിമൂല. റെയിൽവേ സ്റ്റേഷനിലെ ഇരു പാർക്കിംഗ് മേഖലയിലേക്കും പോകണമെങ്കിൽ ദിവാൻജി മൂല വഴി പൂത്തോൾ റോഡിലെത്തണം. കോഴിക്കോട്ടേക്ക് പോകാനും പടിഞ്ഞാറെക്കോട്ട വഴിയുള്ള മാർഗം ദിവാൻജി മൂലയിലൂടെയാണ്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡും ദിവാൻജി മൂലയോട് ചേർന്നുതന്നെ.

വടക്കോട്ടുള്ള ബസുകളെല്ലാം പോകുന്നത് ദിവാൻജി മൂലയിലൂടെ പടിഞ്ഞാറെക്കോട്ട എത്തിയാണ്. ഈ തിരക്കുകൾ കൊണ്ടാണ് ചെറിയ റോഡ് മാത്രമുള്ള ദിവാൻജിമൂല മുതൽ പൂത്തോൾ റോഡ് ആരംഭം വരെ വീതികൂട്ടാൻ തീരുമാനിച്ചത്. ഏറ്റവും തിരക്കുള്ളതും കുരുക്കുള്ളതുമായ ദിവാൻജി മൂലയിലെ മേൽപ്പാലത്തിന്റെ അനുബന്ധ റോഡു നിർമാണം പൂർത്തീകരിക്കുന്നതോടെ നഗരം നേരിടുന്ന വൻ കുരുക്കഴിയും. വടക്കൻ ജില്ലകളിലേക്കും കർണാടകം അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും ദീർഘദൂര ബസുകളും ടാങ്കർ ലോറികളും കടന്നുപോകുന്ന ഇടുങ്ങിയ പാലത്തിന് പകരമാണ് വീതിയേറിയ പാലം നിർമിക്കുന്നത്.


നാൾ വഴികൾ


2016 മേയ് ആദ്യവാരം ദിവാൻജിമൂലയിൽ ഭൂമിപൂജ

2017ൽ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം

ഡിസംബറിൽ എല്ലാ പണികളും പൂർത്തിയാക്കുമെന്ന് ഉദ്ഘാടകൻ മന്ത്രി ജലീൽ

2018ൽ മേൽപ്പാലത്തിലേക്കുള്ള അനുബന്ധ റോഡിന്റെ തറക്കല്ലിടൽ മന്ത്രി എ.സി മൊയ്തീൻ

ഡിസംബറിൽ എല്ലാ പണികളും തീരുമെന്ന് മന്ത്രി മൊയ്തീൻ